‘മന്ത്ര’യുടെ മുന്നേറ്റം തുടരും; സംഘടനയുടെ പുതിയ പ്രസിഡന്റായി കൃഷ്ണരാജ് മോഹനൻ

‘മന്ത്ര’യുടെ മുന്നേറ്റം തുടരും; സംഘടനയുടെ പുതിയ പ്രസിഡന്റായി കൃഷ്ണരാജ് മോഹനൻ

രഞ്ജിത് ചന്ദ്രശേഖർ

നോർത്ത് കരോലിന: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) യുടെ ദ്വിതീയ കൺവെൻഷൻ നടന്ന നോർത്ത് കരോലിനയിൽ ന്യൂയോർക്കിൽ നിന്നുള്ള കൃഷ്ണരാജ് മോഹനൻ സംഘടനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ പ്രസിഡന്റ്-ഇലക്‌ട് ആയിരുന്ന കൃഷ്ണരാജ് മോഹനൻ, 2027 ജൂലൈ 1 മുതൽ 4 വരെ ന്യൂയോർക്കിൽ നടക്കുന്ന മന്ത്രയുടെ മൂന്നാമത്തെ കൺവെൻഷനായ ‘ശാക്തേയം 2027’-ന് നേതൃത്വം നൽകും.

ഒരു പ്രവാസി ദേശീയ സംഘടന എങ്ങനെയായിരിക്കണം എന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് മന്ത്ര. ജനകീയരായ വ്യക്തികൾ തുടർച്ചയായി നേതൃത്വത്തിലേക്ക് വരുന്നതിലൂടെ സംഘടനയ്ക്ക് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. കൃഷ്ണരാജ് മോഹനൻ പ്രസിഡന്റായതോടെ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ ഭാരതീയ സംസ്കാര പ്രചാരണ രംഗത്ത് ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ വലിയ സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വത്തെയാണ് മന്ത്രക്ക് ലഭിച്ചിരിക്കുന്നത്. ധാർമികതയുടെ അടിസ്ഥാനത്തിൽ സംഘടനാ പ്രവർത്തനം നടത്തണം എന്ന ആദർശം മുറുകെ പിടിച്ചുകൊണ്ടുള്ള പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

കൃഷ്ണരാജിന്റെ പ്രവർത്തന പാതയിൽ തിളക്കമാർന്ന നിരവധി ഉദ്യമങ്ങളുണ്ട്. ഒന്നര പതിറ്റാണ്ടായി മുടങ്ങാതെ ഭഗവദ്ഗീത, നാരായണീയ സത്സംഗങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. കൂടാതെ, ഹിന്ദു ധർമ്മ പരിചയത്തിനും മലയാള പഠനത്തിനുമായി കുട്ടികളുടെ ഓൺലൈൻ ക്ലാസായ വിശ്വഗോകുലത്തിന്റെ സ്ഥാപകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. നിരവധി സംഘടനകളിൽ ചെറുതും വലുതുമായ നേതൃപദവികൾ അലങ്കരിച്ചതിന് ശേഷമാണ് ഈ പുതിയ പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.

സാധാരണയായി, ജീവിത സായാഹ്നങ്ങളിൽ മാത്രം സാമൂഹിക പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവയ്ക്കുന്ന മലയാളി നേതൃത്വങ്ങളാണ് അമേരിക്കൻ സംഘടനകളിൽ അധികവും. എന്നാൽ, പ്രൊഫഷണൽ രംഗത്തും സാമൂഹ്യ-സാംസ്കാരിക രംഗത്തും ഒരുപോലെ ചെറുപ്പത്തിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിച്ച് മുന്നേറ്റം ഉണ്ടാക്കുന്ന അപൂർവ വ്യക്തിത്വമാണ് കൃഷ്ണരാജ് മോഹനൻ. ഇത് മന്ത്രയുടെ വളർച്ചയിൽ നിർണ്ണായകമായ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് നിസ്സംശയം പറയാം.

സംഘടനാപരമായ ദൗത്യം കൃത്യമായി നിർവചിക്കുകയും, അത് നിഷ്കർഷയോടെ നടപ്പിലാക്കാൻ നിർഭയമായി മുന്നോട്ട് പോകുകയും ചെയ്യുക എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. അത്തരം സാഹചര്യങ്ങളെ ദീർഘവീക്ഷണത്തോടെ മനസ്സിലാക്കുകയും, അതിന്റെ സാധ്യതകളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് മുൻകൂട്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നേതൃഗുണം കൈമുതലുള്ള കൃഷ്ണരാജ് മോഹനൻ, മന്ത്രയെ മികവുറ്റതും ശ്രദ്ധേയവുമായ ഒരു പ്രസ്ഥാനമാക്കി മാറ്റുക എന്ന ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇത് മന്ത്രയുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് നയിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.

‘Mantra’ will continue its progress; Krishnaraj Mohanan becomes the new president of the organization

Share Email
Top