കനലായി വിഎസ്: സമര തീക്ഷ്ണമായ ജീവിതത്തിന് തിരശീല വീഴുമ്പോൾ, ഓർത്തെടുക്കാം പോരാട്ട വഴികൾ

കനലായി വിഎസ്: സമര തീക്ഷ്ണമായ ജീവിതത്തിന് തിരശീല വീഴുമ്പോൾ, ഓർത്തെടുക്കാം പോരാട്ട വഴികൾ

ഇതൊരു തീപ്പൊരിയാണ്. തീപടർത്താൻ ഇവന് കഴിയും’’- ഈ വാക്കുകൾ കമ്യൂണിസ്റ്റ് ആചാര്യൻ പി. കൃഷ്ണപിള്ളയുടേതായിരുന്നു. രാത്രികളിലെ പഠനക്ലാസുകളിൽ നിരന്തരം സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്ന വി.എസിലെ പോരാട്ട വീര്യം കണ്ട് കൃഷ്ണപിള്ള വീണ്ടും പറഞ്ഞു: ‘‘നിന്റെ ദൗത്യം കുട്ടനാട്ടിലാണ്. കുട്ടനാട്ടിൽ പാവപ്പെട്ട കർഷകത്തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീകൾ മാനഭംഗത്തിനിരയാവുന്നു. അവിടെചെന്ന് അവരെ സംഘടിപ്പിച്ച് പോരാട്ടത്തിനിറക്കൂ’’. അച്യുതാനന്ദൻ ദൗത്യം ഏറ്റെടുത്തു. പിന്നീട് എല്ലാം ചരിത്രമായിരുന്നു.

പുന്നപ്ര പറവൂർ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റേയും അക്കമ്മ എന്നു വിളിക്കുന്നകാർത്യായനിയുടേയും മകനായി 1923 ഒക്ടോബർ 20നു ജനിച്ച വിഎസിനെ കാത്തിരുന്നത് സമാനതകളില്ലാത്ത സഹനങ്ങളുടേയും പോരാട്ടത്തിൻ്റേയും ജീവിതമായിരുന്നു. വിഎസിന് നാലര വയസ്സുള്ളപ്പോൾ അമ്മ വസൂരിവന്ന് മരിച്ചു.

കരുത്തായി അച്ഛൻ

പറവൂരിലെ വീട്ടിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ കളർകോട് സ്‌കൂളിലായിരുന്നു പഠനം. എങ്ങും അയിത്തമുളള കാലം. സ്‌കൂളിലേക്ക്‌ നടന്നുപോവുമ്പോൾ വഴിയിൽ സവർണരായ കുട്ടികൾ അച്യുതാനന്ദനെ ജാതിപ്പേര് വിളിക്കും കളിയാക്കി ഓടിക്കും. കരഞ്ഞുകൊണ്ട് മകൻ പരാതി പറയുന്നതു കേട്ട അച്ഛൻ ശങ്കരൻ ഒരു അരഞ്ഞാണം ഉണ്ടാക്കിക്കൊടുത്തു. സാധാരണയിലധികം വീതിയും കൈയിലെടുത്തു വീശാൻ പിടിയുമുള്ള അരഞ്ഞാണം. ഇനി ആരെങ്കിലും കളിയാക്കിയാൽ അരഞ്ഞാണം ഊരി അടിക്കാനായിരുന്നു ഉപദേശം. പിന്നീടൊരു ദിവസം കുട്ടികൾ വഴിയിൽ തടഞ്ഞുനിർത്തി. അരയിൽ നിന്ന് അരഞ്ഞാണം ഊരി അച്യുതാനന്ദൻ വീശിയടിച്ചു. അവർ തിരിഞ്ഞോടി.

കയർതൊഴിലാളി

വിഎസിൻ്റെ 11ാം വയസ്സിൽ അച്ഛൻ മരിച്ചു. അച്ഛൻ മരിച്ചപ്പോൾ അച്ഛന്റെ ജൗളിക്കട ചേട്ടൻ ഗംഗാധരൻ ഏറ്റെടുത്ത് നടത്തിയെങ്കിലും അതുകൊണ്ട് വീട്ടിലെ ദാരിദ്ര്യം അകന്നില്ല. ഏഴാം ക്ളാസിൽ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു വിഎസിന്.

പഠിപ്പ് നിന്നപ്പോൾ ജീവിക്കാനായി പിന്നത്തെ പോരാട്ടം. തുന്നൽ പഠിച്ചെങ്കിലും പ്രതീക്ഷിച്ചതുപോലെ പണി കിട്ടിയില്ല. തുന്നൽ മെഷീനുമായി ഉൾപ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങി പണിതേടിയലഞ്ഞു. ഒടുവിൽ 16ാം വയസ്സിൽ ആലപ്പുഴയിലെ ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായി. കയർ തടുക്ക് തുന്നലായിരുന്നു പണി.

കമ്യൂണിസ്റ്റ്

കമ്യൂണിസ്റ്റ് പാർട്ടി അമ്പലപ്പുഴ താലൂക്ക് സെക്രട്ടറിയായിരുന്ന സൈമൺ ആശാനാണ് 17ാം വയസ്സിൽ വിഎസിന് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിനിരോധിക്കപ്പെട്ടകാലമായിരുന്നു അത്. കയർഫാക്ടറിയിലെ പണി കഴിഞ്ഞാൽ രാത്രി സ്റ്റഡി ക്ലാസാണ്. പി. കൃഷ്ണപ്പിള്ളയും ആർ സുഗതനുമൊക്കെയായിരുന്നു ക്ലാസ് എടുത്തിരുന്നത്. 1943ൽ പാർട്ടിയുടെ ആദ്യ സമ്മേളനം കോഴിക്കോട്ട് നടക്കുമ്പോൾ ആസ്പിൻ വാൾ പ്രതിനിധിയായി വിഎസ് പങ്കെടുത്തു. അവിടെ വച്ചാണ് ഇഎംഎസിനെ പരിചയപ്പെടുന്നത്.

തൊഴിലാളികളെ സംഘടിപ്പിക്കുന്നു

ചെയ്ത പണിക്ക് കൂലി കൊടുക്കാതിരുന്നപ്പോൾ അത് ചോദ്യംചെയ്ത ഒരു കയർ തൊഴിലാളിക്ക്‌ കടുത്ത മർദനമേറ്റപ്പോൾ വി.എസിന് അടങ്ങിയിരിക്കാനായില്ല. മൂപ്പനായിരുന്നു തൊഴിലാളിയെ തല്ലിയത്. മൂപ്പന്റെ മുഖമടച്ചൊരു പൂശുകൊടുത്തായിരുന്നു അച്യുതാനന്ദന്റെ പകരംവീട്ടൽ. പകൽ ഫാക്ടറിയിലെ പണി കഴിഞ്ഞാൽ രാത്രിയിൽ പാർട്ടിയുടെ സ്റ്റഡിക്ലാസിലെത്തും. ക്ലാസിലെ പ്രധാന പ്രസംഗകനായിരുന്നു പി. കൃഷ്ണപിള്ള. അന്നാണ് അരോഗദൃഢഗാത്രനായ അച്യുതാനന്ദനിൽ കൃഷ്ണപിള്ളയുടെ കണ്ണുകൾ പതിഞ്ഞതും അതിലെ തീപ്പൊരി കണ്ടതും. കുട്ടനാട് ദൗത്യം തുടങ്ങുന്നു കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളായ കുടിയാന്മാരെ പകലന്തിയോളം പാടത്ത് പണിയെടുപ്പിക്കും. കൂലിയായി നെല്ല് കിട്ടിയാൽ ഭാഗ്യം. തിരുവായ്ക്ക് എതിരില്ല. എതിർത്താൽ ജന്മികളുടെ ഗുണ്ടകളുടെ വക തല്ല്. പോലീസ് ജന്മികൾക്കുവേണ്ടി നിന്നപ്പോൾ ആലപ്പുഴയിൽനിന്ന് അച്യുതാനന്ദനും കൂട്ടരും കർഷകത്തൊഴിഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിൽ എത്തി. ഗുണ്ടകളെ അയച്ച് വിരട്ടിയെങ്കിലും അച്യുതാനന്ദൻ മടങ്ങിയില്ല.

പുന്നപ്രയിലെ കർഷക തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ വിഎസ് അവരെയും ബോധവൽക്കരിച്ചു. പണിമുടക്ക് സമരമായി മാറി. കൂലിക്കായി നടത്തിയ ശ്രീമൂലം കായൽ സമരം ചരിത്രമായി മാറി.

കൊയ്ത്ത് കഴിഞ്ഞ് നെല്ല് കളത്തിൽ കൂട്ടിയിട്ടിരിക്കുമ്പോഴായിരുന്നു സമരത്തിന് തുടക്കം. നെല്ലു മാറ്റാൻ കഴിയാതെ വന്നപ്പോൾ ജന്മിമാർ മുട്ടുമടക്കി. കുട്ടനാട്ടിൽ സമരത്തിന്റെ ആദ്യജയം. യുവനേതാവ് ശ്രദ്ധേയനായി. തുടർന്ന് തിരുവിതാംകൂറിൽ കർഷക തൊളിലാളി യൂണിയൻ രൂപീകരിച്ചു. 17 -ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ വി.എസ്. അങ്ങനെ സ്വന്തം ജീവിതം കൊണ്ട് പുതിയാരു സമരചരിത്രം മലയാളിക്കു കാണിച്ചു തുടങ്ങുകയായിരുന്നു. മാർക്സിയൻ ആശയമുള്ള ഇന്ത്യയിലെ ആദ്യ കർഷക സംഘടനയായിരുന്നു തിരുവിതാംകൂറിലേത്.

പാലായിലെ ലോക്കപ്പും ഇടിയൻ നാരായണപ്പിള്ളയും

പോലീസുകാർ എന്നോ തീർക്കേണ്ടിയിരുന്ന വി.എസ് പിന്നേയും ജീവിച്ചതിന് കള്ളൻ കോലപ്പനെന്ന തടവുപുള്ളിയും നിമിത്തമായി. വി.എസിന്റെ ഭാഷയിൽപ്പറഞ്ഞാൽ ഒരു മുട്ടൻ കള്ളൻ. പുന്നപ്രവയലാർ സമരകാലത്ത് പാലായിലെ ലോക്കപ്പിൽ ഇൻസ്പെക്ടർ ഇടിയൻ നാരായണപിള്ള വി.എസിനെ മർദിച്ചവശനാക്കി. കാലുരണ്ടും ലേക്കപ്പിന്റെ അഴികളിലൂടെ പുറത്തേയ്ക്കുവലിച്ച് ലാത്തികൾവെച്ച് കമ്പിയഴികളിൽ ചേർത്തുകെട്ടി. എന്നിട്ട് കാലിന്റെ വെള്ളയിൽ പെരുമാറും. ഒരിക്കലൊരു പോലീസുകാരൻ തോക്കിന്റെ ബയണറ്റുകൊണ്ട് കാലിൽ ആഞ്ഞുകുത്തി. ചോര തെറിച്ചത് വി.എസിന് ഓർമ്മയുണ്ട്. അപ്പോഴേക്കും ബോധം പോയി. ഇവനെക്കൊണ്ട് കാട്ടിൽക്കളയിനെന്ന് ഇടിയൻ മറ്റു പോലീസുകാർക്ക് നിർദേശം നൽകി.

ജയിലിൽ ഉണ്ടായിരുന്ന കള്ളൻ കോലപ്പൻ വി.എസ്. മരിച്ചിട്ടില്ലെന്ന് ഉറപ്പായിരുന്നു. കാട്ടിൽക്കളയാൻ ഏമാൻമാർമാത്രം പോകേണ്ട, തങ്ങളും വരാമെന്ന് കോലപ്പനും കൂട്ടരും പറഞ്ഞു. വഴിക്കുവെച്ച് വി.എസിന് അനക്കം വീണത് അവർ കണ്ടു. ആശുപത്രിയിൽപ്പോയി ജീവനുണ്ടോയെന്ന് നോക്കിയിട്ട് കാട്ടിൽ കളയാമെന്ന് അവർ പറഞ്ഞു. അങ്ങനെ നേരേ പാലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. അല്ലെങ്കിൽ ഒരുപക്ഷേ, പൊലീസ് അന്നുതന്നെ ആ ജീവിതം തല്ലിക്കെടുത്തുമായിരുന്നു. രണ്ടാം ദിവസം വിഎസ് ബോധത്തിലേക്ക് തിരിച്ചു വന്നു.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്തും വിഎസ് ആലപ്പുഴ സബ് ജയിലിൽ കടുത്ത മർദനത്തിന് ഇരയായിട്ടുണ്ട്. പുന്നപ്ര – വയലാർ സമരം കഴിഞ്ഞ് അൻപതുകളുടെ ആദ്യം വിഎസ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി. പിന്നീട് ഓരോന്നായി വളർച്ചയുടെ പടവുകൾ കയറി.

life and struggle of VS Achuthanandan

Share Email
Top