ന്യൂയോർക്ക്: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിന്റെ സിഇഒ സ്ഥാനം രാജിവെക്കുകയാണെന്നറിയിച്ച് ലിന്‍ഡ യക്കരിനോ. സ്ഥാനമേറ്റ് രണ്ട് വര്‍ഷത്തിന് ശേഷമാണ് യക്കരിനോ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററിനെ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോമിന്റെ ആദ്യത്തെ സ്ഥിരം സിഇഒ ആണ് 61 കാരിയായ ലിന്‍ഡ യക്കരിനോ. 2022 ലാണ് ഇവര്‍ ചുമതലയേറ്റത്. ലിന്‍ഡ ചുമതലയേറ്റതിന് ശേഷമാണ് ട്വിറ്ററിനെ എക്സ് ആയി റീബ്രാന്‍ഡ് ചെയ്തത്.
രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ എക്സിന്റെ സിഇഒ സ്ഥാനമൊഴിയുകയാണ്. എക്സിനെ കുറിച്ചുള്ള വീക്ഷണങ്ങള്‍ ഇലോണ്‍ മസ്കും ഞാനും ആദ്യമായി സംസാരിച്ചപ്പോള്‍ ഈ കമ്പനിയിലെ അസാധാരണമായ ദൗത്യം നടപ്പിലാക്കാന്‍ സാധിക്കുകയെന്നത് ജീവിതത്തിലെ നല്ലൊരു അവസരമാണെന്ന് എനിക്കറിയാമായിരുന്നു. എന്നില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ബുധനാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ യക്കരിനോ പറഞ്ഞു. എക്സ് ടീമിനെ കുറിച്ച് അഭിമാനമുണ്ടെന്നും യക്കരിനോ കൂട്ടിച്ചേര്‍ത്തു.
എഇലോണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിലനിന്ന പ്രതിസന്ധി ഘട്ടത്തിലാണ് ലിന്‍ഡ യക്കരിനോ എക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്. കമ്പനിയിലെ കുട്ടപ്പിരിച്ചുവിടലും ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് പോലുള്ള മസ്കിന്റെ പുതിയ മാറ്റങ്ങളും ഒപ്പം വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ വരുമാന സ്രോതസുകളായിരുന്ന പരസ്യദാതാക്കള്‍ ട്വിറ്റര്‍ വിട്ടുപോയതുമെല്ലാം കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നിലവില്‍ ഈ പ്രതിസന്ധികളെയെല്ലാം മസ്കിന്റേയും ലിന്‍ഡയുടേയും നേതൃത്വത്തില്‍ എക്സ് അതിജീവിച്ചുവെന്നാണ് കരുതുന്നത്.
പ്രമുഖ മാധ്യമ ഗ്രൂപ്പായ എന്‍.ബി.സി. യൂണിവേഴ്സലില്‍ ഒരു ദശാബ്ദമായി പ്രവര്‍ത്തിച്ച ലിന്‍ഡ യക്കരിനോ അവിടെ ആഗോളപരസ്യവിഭാഗത്തിന്റെ മേധാവിയായിരുന്നു. അതിനുമുമ്പ് ടേണര്‍ എന്റര്ടെയ്ന്മെന്റില് 19 വര്‍ഷം സേവനമനുഷ്ഠിച്ചു. പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ലിബറല്‍ ആര്‍ട്സിലും ടെലികമ്യൂണിക്കേഷനിലും ബിരുദം നേടിയ ലിന്‍ഡ 2022-ല്‍ ‘വുഷി റണ്‍സ് ഇറ്റ്’ വുമന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ബിസിനസ് വീക്കിന്റെ ‘സി.ഇ.ഒ. ഓഫ് ടുമോറോ’ പുരസ്കാരവും നേടിയിട്ടുണ്ട്.
Linda Yaccarino announces resignation as CEO of X