തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.

കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി 2,66,78,256  വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടും.  2024ല്‍ സമ്മറി റിവിഷന്‍ നടത്തിയ വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളിലേയ്ക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയിട്ടുള്ളത്.

2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടര്‍പട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷന്‍ നടത്തിയിരുന്നു.

2023 ഒക്ടോബറിലെ കരടില്‍ 2,76,70,536 വോട്ടര്‍മാരാണുണ്ടായിരുന്നത്. പട്ടികയില്‍ പുതുതായി 57,640 പേരെ ചേര്‍ക്കുകയും മരണപ്പെട്ടതോ, സ്ഥലംമാറി പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയില്‍ ആകെ 2,68,51,297 പേരുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനായി പട്ടിക പുതുക്കിയിരുന്നു.

2024 ജൂലൈയില്‍ പുതുക്കിയ കരട് വോട്ടര്‍പട്ടികയില്‍ 2,68,57,023 വോട്ടര്‍മാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേര്‍ക്കുകയും അനര്‍ഹരായ 4,52,951 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ ആകെ 2,66,72,979 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു.

കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.

Local body elections: Draft voters' list to be published tomorrow

Share Email
LATEST
Top