തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർപട്ടികയിൽ 11.5 ലക്ഷത്തോളം വോട്ടർമാരുടെ കുറവ് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ വോട്ടർപട്ടിക ശുദ്ധീകരണമാണ് ഇതിന് കാരണം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം 2023ലും 2024ലും വോട്ടർപട്ടിക ശുദ്ധീകരണം നടത്തിയിരുന്നു. ഈ കാലയളവിൽ മരിച്ചവർ, കേരളം വിട്ടുപോയവർ, ഇരട്ട വോട്ടുള്ളവർ തുടങ്ങിയ അനർഹരായ 14 ലക്ഷത്തോളം പേരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
ഇതിനിടെ നടന്ന 375 വാർഡുകളിലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പുകളിൽ 2.5 ലക്ഷത്തോളം വോട്ടർമാരെ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ചേർക്കുന്ന നടപടികൾ നടക്കുന്നതിനാൽ വോട്ടർമാരുടെ എണ്ണം ഉയരാനാണ് സാധ്യത. ബുധനാഴ്ച കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കും. 2023ലെ ശുദ്ധീകരണത്തിൽ 8,76,879 പേരെയും 2024ലെ ശുദ്ധീകരണത്തിൽ 4,52,951 പേരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ സംസ്ഥാനത്ത് 2,66,78,256 വോട്ടർമാരാണുള്ളതെന്നും കമ്മീഷണർ അറിയിച്ചു.
സംവരണ വാർഡ് നിർണ്ണയം സെപ്റ്റംബറിൽ
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നത് സെപ്റ്റംബറിലായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച ശേഷമാകും സംവരണ വാർഡുകൾ നിശ്ചയിക്കുന്ന നടപടികളിലേക്ക് കടക്കുക. വാർഡ് സംവരണം പൂർത്തിയാകുന്ന മുറയ്ക്ക് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം ആവർത്തന ക്രമമനുസരിച്ച് നിശ്ചയിക്കും.
സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 23,612 സീറ്റുകളാണുള്ളത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും. ഡിസംബർ 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കണം. പ്രധാന ആഘോഷങ്ങൾ, പരീക്ഷകൾ എന്നിവ ഒഴിവാക്കിയാകും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.
Local elections: 11.5 lakh people short in voter list