ആകെയുള്ള പാലം വെള്ളത്തിൽ, സഹായത്തിനായി കാത്തിരുന്നത് രണ്ട് മണിക്കൂർ; ഒടുവിൽ നിറവയറുമായി മരണത്തിന് കീഴടങ്ങി യുവതി

ആകെയുള്ള പാലം വെള്ളത്തിൽ, സഹായത്തിനായി കാത്തിരുന്നത് രണ്ട് മണിക്കൂർ; ഒടുവിൽ നിറവയറുമായി മരണത്തിന് കീഴടങ്ങി യുവതി

മധ്യപ്രദേശിൽ വൈദ്യസഹായം ലഭിക്കാതെ ഗർഭിണി മരിച്ചു. രേവ ജില്ലയിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുത്തുവെങ്കിലും വെള്ളപ്പൊക്കം മൂലം നാട്ടിലെ പ്രധാനപ്പെട്ട പാലം വെള്ളത്തിൽ മുങ്ങിയതോടെയാണ് യുവതിയുടെ യാത്ര മുടങ്ങിയത്. പിന്നാലെ വൈദ്യസഹായത്തിനായി പാലത്തിന് സമീപം രണ്ട് മണിക്കൂറോളം കാത്തിരുന്നുവെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിയ കോൾ എന്ന യുവതിയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഭർതൃവീട്ടുകാരുടെ ഗ്രാമത്തിൽ ആരോഗ്യ സംവിധാനങ്ങൾ കുറവായതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാനിഗവൻ ഗ്രാമത്തിലെ മാതൃവീട്ടിൽ കഴിയുകയായിരുന്നു യുവതി.

ഞായറാഴ്ച രാത്രിയോടെ യുവതിയുടെ ആരോഗ്യ നില പെട്ടെന്ന് വഷളാകുകയായിരുന്നു. ഇതിന് പിന്നാലെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യാത്ര തടസ്സപ്പെടുകയായിരുന്നു.
വീടിന് സമീപമുള്ള നദിയിലെ ജലനിരപ്പ് ഉയർന്നതും ബദൽ മാർഗമില്ലാത്തതും കാരണം, അവർ ഏകദേശം രണ്ട് മണിക്കൂറോളം നദീതീരത്ത് നിസ്സഹായതയോടെ കാത്തിരുന്നു. ഒടുവിൽ ഒരു ഡോക്ടർ സ്ഥലത്തേക്ക് എത്തിയെങ്കിലും അതിന് മുൻപ് യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.

അതിനിടെ സംഭവത്തെ ബിജെപി സർക്കാരിനെതിരെയുള്ള ആയുധമാക്കി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. “ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ആരോഗ്യസംരക്ഷണ സംവിധാനം തകരുമ്പോൾ, മധ്യപ്രദേശിന്റെ ബാക്കി ഭാഗങ്ങളിൽ എന്ത് പ്രതീക്ഷയാണുള്ളത്?” എന്ന് പ്രതിപക്ഷ നേതാവ് ഉമാങ് സിംഗർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രേവ ജില്ലാ കളക്ടർ പ്രതിഭ പാൽ ഉത്തരവിട്ടിട്ടുണ്ട്.

ENGLISH NEWS SUMMARY: Pregnant woman in Madhya Pradesh’s Rewa district died in agony after being stranded near a flooded bridge

Share Email
LATEST
Top