മഹാരാഷ്ട്ര കൃഷിമന്ത്രി നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി കളിക്കുന്ന വിഡിയോ പുറത്ത്

മഹാരാഷ്ട്ര കൃഷിമന്ത്രി നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി കളിക്കുന്ന വിഡിയോ പുറത്ത്

മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്‌റാവു കൊക്കാട്ടെ നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വിഡിയോ പുറത്തുവിട്ട് എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാര്‍. സാമൂഹികമാധ്യമമായ എക്‌സിലാണ് ഇതുസംബന്ധിച്ച വിഡിയോ രോഹിത് പവാര്‍ പങ്കുവെച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത് പവാര്‍, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു.

അജിത് പവാറിന്റെ നേതൃത്വത്തിലുളള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. മഹാരാഷ്ട്രയില്‍ പ്രതിദിനം എട്ടുകര്‍ഷകരാണ് ജീവനൊടുക്കുന്നത്. കൃഷി മന്ത്രിക്ക് പണിയൊന്നുമില്ലാത്തതിനാലാണ് മൊബൈലില്‍ റമ്മി കളിച്ച് സമയം ചിലവഴിക്കുന്നത്’, വിഡിയോ പങ്കുവെച്ച് രോഹിത് പവാര്‍ കുറിച്ചു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്‌റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.

അതേസമയം, ആരോ തന്റെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തതാണ് റമ്മി ഗെയിമെന്നും ഗെയിം ഫോണില്‍ നിന്നൊഴിവാക്കാനായി എടുത്തപ്പോള്‍ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും മണിക്‌റാവു പ്രതികരിച്ചു. ഏതാനും സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുളള വീഡിയോ ആണ് വൈറലായത്. ഇതിന്റെ മുഴുവന്‍ വീഡിയോ പുറത്തുവന്നാല്‍ എല്ലാവര്‍ക്കും സത്യം ബോധ്യമാകുമെന്നും മണിക്‌റാവു അറിയിച്ചു.

Maharashtra Agriculture Minister caught on video playing rummy on mobile inside the Assembly

Share Email
LATEST
Top