രാജു തരകൻ
അറ്റ്‌ലാന്റ : മലങ്കര ഓര്‍ത്തഡോക്സ് സഭാ സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് സമാപിച്ചു. ശൈനോ വ് ഹുല്‍മോനോ – എന്നു നാമകരണം ചെയ്തിരുന്ന കോണ്‍ഫ്രന്‍സിന് 16 ന് കൊടിയേറി. വാദ്യമേളഘോഷങ്ങളോടെ കേരളത്തനിമയില്‍ നടന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ വിശിഷ്ട വ്യക്തികളെ വേദിയിലേക്ക് ആനയിച്ചു. ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനം സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരി തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ഫാ.ഡോ.തിമോത്തി തോമസ്, ഫാ. മാറ്റ് അലക്സാണ്ടര്‍, സീനാ മാത്യു, റവ. കെ. ജെയിംസണ്‍, ഭദ്രാസന സെക്രട്ടറി ഫാ.സജീവ് മാത്യൂസ് ജോര്‍ജ്, കോണ്‍ഫ്രന്‍സ് ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ . പ്രസാദ് ജോണ്‍, ഭദ്രാസന കൗണ്‍സില്‍ മെമ്പേഴ്സ്, മാനേജിംങ് കമ്മറ്റി അംഗം , ഭദ്രാസന അദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ വേദി അലങ്കരിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.പരിശുദ്ധ ബസേലിയോസ് മാര്‍ത്തൊമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവയുടെയും, ജോര്‍ജിയ സ്റ്റേറ്റ് ഗവര്‍ണര്‍ ബ്രയാന്‍ കെമ്പിന്റെയും ആശംസകള്‍ അറിയിച്ചു അയച്ച കത്തുകള്‍ സമ്മേളനത്തില്‍ വായിച്ചു.
രണ്ട് കോരി.5:18-19 വാക്യങ്ങള്‍ ആസ്പദമാക്കിയുള്ളതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം (Reconciliation & Healing ). മുഖ്യചിന്താ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയ വിശദീകരണം അഭി. സക്കറിയ മാര്‍ സേവേറിയോസ് തിരുമേനിയും, ഫാ. ഡോ. തിമോത്തി തോമസും സമ്മേളനത്തില്‍ അവതരിപ്പിച്ചു. കോണ്‍ഫ്രന്‍സിന്റെ തീം സോങ്ങ് ആയ ‘എന്റെ കര്‍ത്താവും എന്റെ ദൈവവുമേ ‘(My Lord and My God) സമ്മേളനത്തില്‍ വച്ച് ഡോ.തോമസ് മാര്‍ ഈവാനിയോസും സക്കറിയ മാര്‍ സേവേറിയോസും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫാ. തോമസ് മാത്യുവിന്റെ വരികള്‍ക്ക് അലക്സ് എബ്രഹാം ഈണം നല്കിയ, ഗാനം ആലപിച്ചത് ഫാ. ബഹനാന്‍ കോരുത്, ഫാ. സോണി വി. മാണി, ശ്രേയ അന്ന ജോസഫ്, ശ്രവ്യ അന്ന ജോസഫ് എന്നിവര്‍ ചേര്‍ന്നാണ്. മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങിയ ഈ മനോഹര ഗാനം ഇതിനോടകം തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

കോണ്‍ഫ്രന്‍സില്‍ മുഖ്യപ്രഭാഷകരായി എത്തിയ ഡോ.തോമസ് മാര്‍ ഈവാനിയോസ്, സഖറിയാ മാര്‍ സേവേറിയോസ്, ഫാ. ഡോ.തിമോത്തി തോമസ്, ഫാ. മാറ്റ് അലക്സാണ്ടര്‍, സീനാ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ധ്യാനങ്ങളും ക്ലാസുകളും സിംമ്പോസിയങ്ങളും ഏറെ ചിന്തോദ്ദീപകവും അനുഗ്രഹപ്രദവും ആയിരുന്നു. വൈദീകരുടെയും, സീനിയര്‍ സിറ്റിസണ്‍സ്, സ്ത്രീജനങ്ങള്‍ , യുവജനങ്ങള്‍ ,ഫോക്കസ്, കുട്ടികള്‍ എന്നിവര്‍ക്കായുള്ള പ്രത്യേക സമ്മേളനങ്ങളും കോണ്‍ഫ്രന്‍സില്‍ ക്രമീകരിച്ചിരുന്നു. ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ എടുത്തു പറയത്തക്കതും വേറിട്ടതുമായ ഒരു സെക്ഷനായിരുന്നു പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ഋഷി ശങ്കറിന്റെ നേതൃത്വത്തില്‍ നടന്ന കാര്‍ട്ടൂണ്‍ ആന്‍ഡ് കാരിക്കേച്ചര്‍ വര്‍ക്ക്ഷോപ്പ്, പങ്കെടുത്തവര്‍ക്കെല്ലാം അത് ചിത്രകലയെക്കുറിച്ചുള്ള അറിവിന്റെ ഒരു ചില്ലുജാലകം തുറന്നിട്ടു .

ബുധന്‍, വ്യാഴം ദിവസങ്ങളിലായി ഉല്ലാസവഞ്ചി എന്ന പേരില്‍ നടത്തിയ കലാസന്ധ്യയില്‍ ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ കാണികള്‍ക്ക് മറക്കാനാവാത്ത ദൃശ്യ വിസ്മയമൊരുക്കി. മാര്‍ഗ്ഗംകളി, ഡാന്‍സ്, ഗ്രൂപ്പ്സോംഗ്, സോളോ സോംഗുകള്‍ എന്നിവകൊണ്ട് കലാസന്ധ്യ വിഭവ സമൃദ്ധമായി. അമേരിക്കന്‍ അച്ചായന്‍, എന്ന കോമഡി സ്‌കിറ്റ് ഏവരിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭാഗ്യക്കൂപ്പണുകളുടെ നറുക്കെടുപ്പും ഭാഗ്യശാലികള്‍ക്കുള്ള സമ്മാനദാനവും ഇടവക മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തില്‍ നടത്തി. സമാപന ദിവസമായ ശനിയാഴ്ച, നടന്ന വി. കുര്‍ബ്ബാനയില്‍ അഭി. സഖറിയാ മാര്‍ സേവേറിയാസ് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ഇടവക മെത്രാപ്പൊലീത്തയും മറ്റ് വൈദികരും സഹകാര്‍മികരാകുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ വച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ.തോമസ് മാര്‍ ഈവാനിയോസ് തിരുമേനി സമാപന സന്ദേശം നല്‍കി.
ഹ്യൂസ്റ്റണ്‍ ഭദ്രാസന ആസ്ഥാനത്തു നിര്‍മിക്കുന്ന ചാപ്പലിന്റെ നിര്‍മാണത്തിനുള്ള രൂപരേഖ ഭദ്രാസന സെക്രട്ടറി ഫാ.സജീവ് മാത്യൂസ് ജോര്‍ജ് യോഗത്തില്‍ അവതരിപ്പിച്ച് വിശദീകരിച്ചു. കോണ്‍ഫ്രന്‍സിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മം ഇടവക മെത്രാപ്പോലീത്താ നിര്‍വഹിക്കുകയും സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ സുവനീര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.
കോണ്‍ഫ്രന്‍സിന്റെ എല്ലാ പൊതുസമ്മേളങ്ങളിലും മുഖ്യ അവതാരികയായിരുന്ന ജെന്നി വറുഗീസ് തന്റെ പാടവം അതി മനോഹരമായി നിര്‍വഹിച്ചു .

കോണ്‍ഫ്രന്‍സിനായിഭദ്രാസന ചരിത്രത്തില്‍
ഇദംപ്രഥമമായി രൂപികരിച്ച ഭദ്രാസന ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു കോണ്‍ഫ്രന്‍സിലുടനീളം ഗാനങ്ങള്‍ ആലപിച്ചത്. ഗാന ശുശ്രൂഷകള്‍ എറ്റവും ഭക്തി സാന്ദ്രവും അനുഗ്രഹകരവും ആയിരുന്നു . ഗായക സംഘത്തിന് നേതൃത്വം നല്കിയത് ഫാ. തോമസ് മാത്യു, അലക്സ് ഏബ്രഹാം,സഞ്ജു ഏബ്രഹാം എന്നിവരായിരുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്ന് ഗായകസംഘത്തില്‍ പങ്കെടുത്ത എല്ലാവരെയും ഇടവക മെത്രാപ്പോലീത്താ അഭിനന്ദിച്ചു . ഈ വര്‍ഷത്തെ അറ്റ്ലാന്റൊ ഫാമിലി കോണ്‍ഫ്രന്‍സിന് ചുക്കാന്‍ പിടിച്ച് കോണ്‍ഫ്രന്‍സ് ഒരു വന്‍ വിജയമാക്കിത്തീര്‍ത്ത കോണ്‍ഫ്രന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് ഡാനിയേലിന്റെയും ജനറല്‍ കണ്‍വീനര്‍ ശ്രീ. പ്രസാദ് ജോണിന്റെയും നേതൃത്വപാടവവും ഏകോപനവും ഇടവക മെത്രാപ്പോലീത്തായും മറ്റ് എല്ലാ വിശിഷ്ട വ്യക്തികളും പ്രത്യേകം ശ്ലാഘിക്കയും പൊന്നാട അണിയിച്ച് അവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച വിവിധ സബ് കമ്മിറ്റികളെയും അതിന്റെ കണ്‍വീനേഴ്‌സിനെയും നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. കാതോലിയ്ക്കാ മംഗളഗാനത്തോടെ സമ്മേളനം പര്യവസാനിക്കുകയും സ്‌നേഹവിരുന്നോട് കൂടി ഫാമിലി കോണ്‍ഫ്രന്‍സ് 2025 ന് തിരശീല വീഴുകയും ചെയ്തു .അറ്റ്ലാന്റൊ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് -2025 പങ്കെടുത്ത എല്ലാവര്‍ക്കും മറക്കാനാവാത്ത മധുരസ്മരണകളായി മാറുകയും ഭദ്രാസന ചരിത്രത്തില്‍ തന്നെ അത് ഒരു പുതിയ അധ്യായത്തിനു ഏട് തുറക്കുകയും ചെയ്തു.
Malankara Orthodox Church Southwest Diocese Family and Youth Conference ‘Atlanta-2025’ flagged off