സുജിത്ത് ചാക്കോ
ഹൂസ്റ്റൺ : അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH). ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പ്രൗഢഗംഭീരമായ ചടങ്ങുകളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്നത്. ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർഡ്ബൻഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രൻ പട്ടേൽ എന്നിവർ മുയഖ്യാതിഥികൾ ആയിരുന്നു. കെൻ മാത്യുവും സുരേന്ദ്രൻ പട്ടേലും ചേർന്ന് അമേരിക്കൻ പതാക ഉയർത്തി. തുടർന്ന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ജോസ് കെ ജോൺ ഇന്ത്യൻ പതാകയും ഉയർത്തി.

അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ദേശഭക്തിയുടെ അലകൾ തീർത്തു. അങ്ങകലെ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് എത്തിച്ചേർന്ന നമ്മൾ ഭാരതീയർക്ക് ഇന്ത്യയോടൊപ്പം തന്നെ സ്നേഹവും കൂറും ഈ രാജ്യത്തോടും ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു എത്തിച്ചേർന്ന സമൂഹവും വർണ്ണാഭമായ ചടങ്ങുകളും. അമേരിക്കൻ ദേശീയ ഗാനം മുഴങ്ങിയപ്പോൾ വലതു കൈ അവർ ഹൃദയത്തോട് ചേർത്തു പിടിച്ചു. ഏതാണ്ട് നാൽപതും അൻപതും വർഷങ്ങൾക്കു മുൻപ് അമേരിക്കയിലേക്ക് എത്തിച്ചേർന്നവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു.സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഈ നാട് ഇവിടെയുള്ള മലയാളികൾക്ക് മറ്റ് ഇന്ത്യക്കാർക്ക് തന്ന സ്നേഹവും പരിഗണനയും അവസരങ്ങളും ചൂണ്ടിക്കാണിച്ചു. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് കിട്ടുന്ന അവസരങ്ങളെ അഴിമതിരഹിതമായും ജനോപകാരപ്രദമായും ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഫോർഡ്ബൻഡ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഈ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ സാന്നിധ്യമായ മലയാളികളെ അദ്ദേഹം ഓർത്തതോടൊപ്പം ഈ അവസരങ്ങൾ ഉണ്ടാകുവാനും ഉണ്ടാക്കുവാനും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഒരു ചവിട്ടുപടിയായി എന്ന് അനുസ്മരിച്ചു. ഒപ്പം മലയാളി അസോസിയേഷനു വേണ്ടി അതിന്റെ ആരംഭ കാലം മുതൽ നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ച എല്ലാവരെയും മുൻപോട്ടു വിളിച്ച് അദ്ദേഹം അനുമോദിച്ചു.

ഭാരതം നമ്മുടെ പെറ്റമ്മ യാണെങ്കിൽ അമേരിക്ക നമ്മുടെ പോറ്റമ്മയാണ് എന്ന് പ്രസിഡന്റ് ജോസ് കെ ജോൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു.ട്രസ്റ്റീ ബോർഡ് മെമ്പർ ജോജി ജോസഫ് ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം ആശംസിച്ചു. ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി. പി ആർ ഓ ജോൺ ഡബ്ലിയു വർഗീസ് അവതാരകനായിരുന്നു.മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫർ ജോർജ്, ജോസഫ് കൂനാതൻ (തങ്കച്ചൻ), സുനിൽ തങ്കപ്പൻ, അലക്സ് മാത്യു, മോൻസി കുര്യാക്കോസ് (മാനേജർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മുൻ പ്രസിഡന്റ് മാരായ എബ്രഹാം കെ ഈപ്പൻ ( നാഷണൽ സെക്രട്ടറി, ഫൊക്കാന ഇന്റർനാഷണൽ), എസ് കെ ചെറിയാൻ, മാത്യു മത്തായി, പൊന്നുപ്പിള്ള, തോമസ് ചെറുകര, ജോണി കുന്നക്കാട്ട്, ജെയിംസ് ജോസഫ്, തോമസ് ഒലിയാങ്കുന്നേൽ, മാർട്ടിൻ ജോൺ, ജോജി ജോസഫ്, ജോസഫ് ഓലിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മുൻ ജനറൽ സെക്രട്ടറിമാർ, ട്രസ്റ്റിമാർ, ബോർഡ് മെമ്പേഴ്സ് തുടങ്ങി നൂറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു.
ഫോമാ നേതാക്കന്മാരായ മാത്യു വർഗീസ് (ഫ്ലോറിഡ), ജോൺസൺ ജോസഫ് (കാലിഫോർണിയ), ജോസഫ് ഔസോ (കാലിഫോർണിയ) എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. പ്രഭാതവിരുന്നും ഒരുക്കിയിരുന്നു.
Malayali Association of Greater Houston celebrates American Independence Day appropriately