മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് ; പ്രതീക്ഷ കൈവിടാതെ അമ്മ പ്രേമകുമാരി യെമനിൽ തുടരുന്നു

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് ; പ്രതീക്ഷ കൈവിടാതെ അമ്മ പ്രേമകുമാരി യെമനിൽ തുടരുന്നു

സന: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16-ന് നടപ്പാക്കാൻ പ്രോസിക്യൂട്ടർ നിർദേശം നൽകി. വധശിക്ഷ സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവെച്ചതായും വിവരമുണ്ട്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവിൽ യെമനിലുണ്ട്.

യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. മഹ്ദിയുടെ കുടുംബത്തെ കാണാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനായി 10 ലക്ഷം യുഎസ് ഡോളർ ദിയാധനമായി നൽകാമെന്ന് മഹ്ദിയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ ദിയാധനം കുടുംബം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

കേസിന്റെ നാൾവഴികൾ:

പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിയക്കെതിരായ കേസ് 2017 ജൂലൈ മാസത്തിലാണ് നടന്നത്. മഹ്ദിയെയും കൂട്ടുകാരിയെയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്.

2012-ൽ നഴ്‌സായി യെമനിലെത്തിയ നിമിഷപ്രിയ ഭർത്താവ് ടോമിക്കൊപ്പം ഒരു ക്ലിനിക്കിൽ ജോലിക്ക് പ്രവേശിച്ചു. ഇവിടെവെച്ചാണ് യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുന്നത്. ഇരുവരും ചേർന്ന് ഒരു ക്ലിനിക്ക് തുടങ്ങാൻ പദ്ധതിയിട്ടു. യെമനിൽ ക്ലിനിക്ക് തുടങ്ങാൻ യെമൻ പൗരന് മാത്രമേ സാധിക്കൂ എന്നതിനാൽ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യം ക്ലിനിക്കിനു വേണ്ടി നിക്ഷേപിച്ചു. ഇതിനിടെ, നാട്ടിലേക്ക് പോയ ഭർത്താവും മകളും യെമനിലെ ആഭ്യന്തര സംഘർഷം കാരണം തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങി. വലിയ തുക നിക്ഷേപിച്ചതിനാൽ അത് വിട്ട് പോരാൻ നിമിഷപ്രിയക്ക് കഴിഞ്ഞില്ല.

‘അൽ അമൻ മെഡിക്കൽ ക്ലിനിക്ക്’ എന്ന പേരിൽ 2015-ന്റെ തുടക്കത്തിൽ 14 ബെഡ്ഡുകളുമായി ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ, ബിസിനസ് പങ്കാളിയായ മഹ്ദി നിമിഷപ്രിയയെ വിവാഹം കഴിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും ക്ലിനിക്കിലെ വരുമാനം മുഴുവൻ സ്വന്തമാക്കിയതായും ആരോപിക്കപ്പെടുന്നു. നിമിഷപ്രിയയുടെ പാസ്‌പോർട്ട് കൈക്കലാക്കിയ മഹ്ദി, സ്വർണം വിറ്റ് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഇതിനെതിരെ നിമിഷപ്രിയ അധികാരികൾക്ക് പരാതി നൽകി. തന്റെ ജീവൻ അപായപ്പെടുമെന്ന ഘട്ടത്തിലാണ് മഹ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷപ്രിയയുടെ വാദം. മഹ്ദിയുടെ പക്കലുള്ള പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു നിമിഷപ്രിയയുടെ മുന്നിലുണ്ടായിരുന്ന മാർഗം.

2017 ജൂലൈ മാസത്തിൽ, ബിസിനസ് പങ്കാളിയായ തലാൽ അബ്ദുൾ മഹ്ദിയെ കെറ്റാമിൻ എന്ന ജനറൽ അനസ്‌തെറ്റിക് മരുന്ന് കുത്തിവെച്ച് നിമിഷപ്രിയ ബോധം കെടുത്തി. കെറ്റാമിൻ ഓവർഡോസാണ് മഹ്ദിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മഹ്ദിയെ കൊല്ലുക എന്നത് തന്റെ ഉദ്ദേശ്യമായിരുന്നില്ല എന്നാണ് നിമിഷപ്രിയ പറയുന്നത്. ഓവർഡോസിൽ മഹ്ദി കൊല്ലപ്പെട്ടതിനെ തുടർന്ന് നിമിഷ, സഹപ്രവർത്തകയായ ഹനാൻ എന്ന യെമനി യുവതിയുടെ സഹായം തേടുകയും മഹ്ദിയുടെ മൃതദേഹം വെട്ടിനുറുക്കി ഒരു വാട്ടർ ടാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു എന്നാണ് അന്വേഷകർ ആരോപിച്ചത്.

പാസ്‌പോർട്ട് കണ്ടെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 2017-ൽ സൗദി അറേബ്യൻ അതിർത്തിയിൽ വെച്ച് നിമിഷപ്രിയ പിടിയിലായി. പിന്നീട്, മഹ്ദിയുടെ മൃതദേഹം ഇരുവരും താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കുത്തിവെക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നും മഹ്ദി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നുമാണ് നിമിഷപ്രിയയുടെ മൊഴി.

നിയമ പോരാട്ടങ്ങൾ:

2018-ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. കൊലപാതകത്തിന് കൂട്ടുനിന്ന യെമനി പൗരയ്ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. നിമിഷപ്രിയയെ യെമനിലെ അൽ ബായ്ദ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2018-ലെ വിധിക്കെതിരെ നിമിഷപ്രിയ യെമനിലെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും 2020-ൽ ഈ കോടതിയും വധശിക്ഷ ശരിവെച്ചു.

ഈ പ്രശ്‌നത്തിൽ 2018-ൽ തന്നെ കേന്ദ്ര സർക്കാർ ഇടപെട്ടു. ഇന്ത്യൻ എംബസി വക്കീലിനെ ഏർപ്പാടാക്കി നൽകി. 2020-ലെ അപ്പീൽ വിധിക്കു ശേഷം സംസ്ഥാന-കേന്ദ്ര സർക്കാരുകളിലൂടെ നിമിഷപ്രിയയുടെ അമ്മ യെമൻ സർക്കാരിന് നിവേദനം നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീംകോടതിയെ സമീപിച്ചു.

കിഴക്കമ്പലം താമരച്ചാലിലെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി, മകളുടെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ യെമനിൽ അടക്കം പോയി പരിഹാരം തേടാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. യെമനിലെ സുപ്രീംകോടതിയിൽ നിന്ന് നിമിഷപ്രിയയ്ക്ക് എതിരായ വിധി വന്നത് നാട്ടിൽ അറിഞ്ഞിരുന്നില്ല. ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പ്രേമകുമാരി പരിഹാരം തേടിയപ്പോഴാണ് യെമൻ സുപ്രീംകോടതി ദയാഹരജി തള്ളിയ വിവരം അവരറിയുന്നത്.

അടുത്തതായി യെമൻ രാഷ്ട്രപതിക്ക് ദയാഹരജി നൽകുക മാത്രമായിരുന്നു പോംവഴി. എന്നാൽ, ഈ ഹരജിയും തള്ളിപ്പോയി. പിന്നീട്, മഹ്ദിയുടെ കുടുംബത്തെ കണ്ട് ദയ യാചിക്കാൻ അമ്മ പ്രേമകുമാരി 2024 ഏപ്രിലിൽ യെമനിൽ എത്തി. തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് നിമിഷപ്രിയ കഴിയുന്നത്. മഹ്ദി ഉൾപ്പെടുന്ന ഗോത്രവിഭാഗത്തിന്റെ അനുമതിയാണ് ആവശ്യമായിരുന്നത്. ജയിലിൽ ചെന്ന് നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് കഴിഞ്ഞു.

Malayali nurse Nimishapriya to be executed on July 16; mother Premakumari remains in Yemen without giving up hope

Share Email
LATEST
More Articles
Top