ടൊറന്റോ: മാനിറ്റോബ പ്രവിശ്യയിലെ സ്‌റ്റെയിൻബാക്കിന് സമീപം ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്ന് കോൺസുലേറ്റ് ജനറൽ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. ഫ്ലൈറ്റ് സ്കൂളായ ഹാർവ്സ് എയറിന്റെ റൺവേയുടെ തെക്ക് ഭാഗത്തുവെച്ച് വിമാനങ്ങൾ കൂട്ടിയിടിച്ച് പരിശീലന പറക്കൽ നടത്തിയിരുന്ന രണ്ട് പൈലറ്റുമാരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ പൈലറ്റ് 20 വയസ്സുകാരിയായ സാവന്ന മേയ് റോയ്‌സ് ആണ്.
ശ്രീഹരി പരിശീലനം ആരംഭിച്ച് ഏതാനും മാസങ്ങൾ മാത്രമേ പൂർത്തിയാക്കിയിട്ടുണ്ടായിരുന്നുള്ളൂ എന്ന് അധികൃതർ അറിയിച്ചു. 2023-ലാണ് ശ്രീഹരി പഠനത്തിനായി കാനഡയിലെത്തിയത്. ശ്രീഹരിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി കോൺസുലേറ്റ് ജനറൽ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഹാനോവറിലെ റൂറൽ മുനിസിപ്പാലിറ്റിയിലായിരുന്നു വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് ചെറിയ, ഒറ്റ എഞ്ചിൻ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ആർസിഎംപി അറിയിച്ചു. അപകടസമയത്ത് വിമാനങ്ങളിൽ യാത്രക്കാർ ആരുമുണ്ടായിരുന്നില്ല.
ആർസിഎംപി, അഗ്നിശമന സേന, എമർജൻസി മെഡിക്കൽ സർവീസുകൾ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തി. കൂട്ടിയിടിയുടെ സമയത്ത് രണ്ട് പൈലറ്റുമാരും സാധാരണ ടേക്ക് ഓഫ്, ലാൻഡിങ് പരിശീലനം നടത്തുകയായിരുന്നുവെന്ന് ഹാർവ്സ് എയർ ഉടമ ആഡം പെന്നർ അറിയിച്ചു. ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (TSB) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റൺവേയെ സമീപിക്കുന്നതിനിടെ ആകാശമധ്യേ വിമാനങ്ങൾ കൂട്ടിയിടിച്ച് താഴെ വീഴുകയായിരുന്നുവെന്ന് ടിഎസ്ബി അറിയിച്ചു.
Malayali pilot dies in Canada after small plane collides during training flight