യുഎസ് പോസ്റ്റൽ സർവീസിന്റെ ഉന്നത ശ്രേണിയിലെ മലയാളി സാന്നിധ്യം  

യുഎസ് പോസ്റ്റൽ സർവീസിന്റെ ഉന്നത ശ്രേണിയിലെ മലയാളി സാന്നിധ്യം  

ഹ്യൂസ്റ്റൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസിന്റെ സൗത്ത് വെസ്റ്റ് ഏരിയ ലേബർ റിലേഷൻസ് മാനേജരായി ഒരു മലയാളി. ജൂലൈ പന്ത്രണ്ടു മുതൽ സ്ഥാനമേറ്റ മനോജ് മേനോൻ ആണ് ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചത്. ഈ നിലയിലെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് മനോജ് മേനോൻ. 

1997 ൽ ക്ളർക് ആയി പോസ്റ്റൽ സർവീസിൽ ജോലിതുടങ്ങിയ അദ്ദേഹം യൂണിയൻ സ്റ്റുവാർഡ് ആയിട്ടാണ് തുടക്കം. അവിടെ നിന്ന് പോസ്റ്റൽ ലേബർ ലോയിൽ പ്രാവീണ്യം നേടിയ മനോജ് അനാവശ്യമായി പിരിച്ചുവിടപ്പെട്ട പല ജോലിക്കാരെയും തിരികെ എത്തിക്കുന്നതിലൂടെ മാനേജ്‌മെന്റിന് തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്ന് അദ്ദേഹം സൂപ്പർവൈസർ, ഡിസ്ട്രിബൂഷൻ മാനേജർ എന്നീ പദവികളിലേക്കു ഉയർത്തപ്പെട്ടു. താമസിയാതെ ആൽവിൻ സിറ്റി പോസ്റ്റ്മാസ്റ്ററായി നിയമിതനായി. അവിടെ നിന്നും ഹ്യൂസ്റ്റൺ ഡിസ്ട്രിക്ട് ലേബർ റിലേഷൻസ് മാനേജറായി എത്തുകയായിരുന്നു. ധാരാളം ഇന്ത്യക്കാർ ജോലിചെയ്യുന്ന പോസ്റ്റൽ സർവീസിൽ കഴിഞ്ഞ 28 വർഷത്തെ ജോലിക്കിടയിൽ ധാരാളം പുരസ്കാരങ്ങളും മനോജിനെ തേടിയെത്തിയിട്ടുണ്ട്. 

അർക്കൻസാ, അലബാമ, മിസിസിപ്പി, ഒക്കലഹോമ, ഫ്ലോറിഡ, ജോർജിയ, സൗത്ത് കരോളിന, ടെക്സാസ്, പോർട്ടോറിക്കോ, യുഎസ്‌ വെർജിൻ അയലൻഡ്‌സ് എന്നീ സംസ്ഥാനങ്ങളാണ്   സൗത്ത് വെസ്റ്റ് ഏരിയക്ക് കീഴിൽ വരുക. ഈ സംസ്ഥാങ്ങളുടെ ചുമതലയാണ് മനോജിനുണ്ടാവുക.

പരേതനായ തൃശൂർ പള്ളിയിൽ അരവിന്ദാക്ഷമേനോന്റെയും തിരുവിതാംകൂറിലെ ആദ്യത്തെ ലേഡി ഡോക്ടറായിരുന്ന ഡോ. കല്യാണിക്കുട്ടിയമ്മയുടെ പുത്രി രാധാമേനോന്റെയും മകനാണ് മനോജ് മേനോൻ. ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി മേനോൻ സഹോദരിയാണ്. മിഷേൽ മേനോൻ ഭാര്യയാണ്.  ദിയ, പൂജ എന്നിവർ മക്കളും. 

അനിൽ ആറന്മുള 

Share Email
LATEST
More Articles
Top