മാനിട്ടോബ: കാനഡയിലെ മാനിട്ടോബയില്‍ വിമാനപകടത്തില്‍ മലയാളി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചതെന്ന് ടൊറൊന്റൊയിലെ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. മാനിട്ടോബയില്‍ ഫ്‌ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീഹരി. ചൊവ്വാഴ്ച വിമാനം പറത്തൽ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്രീഹരി മരിച്ചത്.
അപകടത്തില്‍ രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്ന കനേഡിയന്‍ പൗരയായ സാവന്ന മേയ് റോയ്‌സ് എന്ന 20 കാരിയും മരിച്ചിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനങ്ങൾ പരസ്പരം മുഖാമുഖം വരികയായിരുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ നിന്ന് 50 മീറ്റര്‍ മാറി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങള്‍ പതിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കാനേഡിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Malayali student dies after planes collide during training flight in Canada