ഷാർജ: ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിള അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്‌ളാറ്റിൽ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയെയും (33) ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ ഞെട്ടൽ മാറുംമുമ്പേയാണ് സമാനമായ മറ്റൊരു സംഭവം.
വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയുമായി രാത്രി വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സതീഷ് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടത്.
സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പോലീസിൽ മുൻപ് പരാതി നൽകിയിരുന്നതായും അവർ വ്യക്തമാക്കി. വർഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വർഷം മുൻപാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ഇവർ ദുബായിലായിരുന്നു താമസം.
ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്‌ളാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നതായി വിവരമുണ്ട്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അതുല്യയുടെ ഭർത്താവ് സതീഷിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതുല്യയുടെ ഭർത്താവിനെതിരെ കുടുംബം പരാതി നൽകി. ഭർത്താവ് സതീഷ് ശങ്കറിനെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ഭർത്താവിൽനിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്.
മരണത്തിന് തൊട്ടുമുൻപുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതുല്യ സഹോദരിയ്ക്ക് അയച്ചുനൽകിയിരുന്നു. താൻ ആ വീട്ടിൽ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങൾ ബന്ധുക്കൾ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനൽകിയത്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചില വീഡിയോകളിൽ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേൾക്കാം.
വിവാഹം കഴിഞ്ഞ സമയം മുതൽ പ്രശ്‌നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങൾ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാർ പലപ്പോഴും ബന്ധമൊഴിയാൻ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേർത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മിൽ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിന് പ്രശ്‌നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.
ശനിയാഴ്ച അതുല്യയുടെ പിറന്നാൾ ദിവസം കൂടിയാണ്.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിപഞ്ചികയും മകൾ വൈഭവിയും ഭർത്താവുമായുള്ള പിണക്കത്തെ തുടർന്ന് മകളെ കൊന്ന് ഒരേ കയറിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. വൈഭവിയുടെ മൃതദേഹം വ്യാഴാഴ്ച ദുബായ് ജബൽ അലിയിൽ സംസ്കരിച്ചു. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
Malayali woman found dead in Sharjah: Husband in custody