മാര്‍ ഈവാനിയോസ് ഐക്യത്തിന്റെ പ്രവാചകന്‍ : ആര്‍ച്ചു ബിഷപ്പ് പോള്‍ ഗല്ലഗര്‍

മാര്‍ ഈവാനിയോസ് ഐക്യത്തിന്റെ പ്രവാചകന്‍ : ആര്‍ച്ചു ബിഷപ്പ് പോള്‍ ഗല്ലഗര്‍

തിരുവനന്തപുരം : ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനും അതിനുള്ള ത്യാഗം ഏറ്റെടുത്ത ജാഗരൂകനായ അജപാലകനായിരുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ നയതന്ത്ര സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലഗര്‍ പറഞ്ഞു. മലങ്കര പുനരൈക്യ പ്രസ്ഥാനം ചരിത്രപരമായ സംഭവം എന്നതിനെക്കാള്‍ ഈ കാലഘട്ടത്തില്‍ സജീവമായ ഒരടയാളവും സുവിശേഷ സാക്ഷ്യവുമാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന സമൂഹബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ദൈവസ്നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാര്‍ ഈവാനിയോസ് പ്രാധാന്യം നല്‍കിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്.

സുവിശേഷത്തോട് അദ്ദേഹം പുലര്‍ത്തിയ അചഞ്ചലമായ സമര്‍പ്പണമാണ് സാര്‍വ്വത്രീകസഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്ന് ആര്‍ച്ചുബിഷപ്പ് ഗല്ലഗര്‍ പറഞ്ഞു. രാവിലെ നടന്ന സമൂഹബലിയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ മുഖ്യകാര്‍മ്മികനായിരുന്നു.


ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറീലോസ്, ബിഷപ്പുമാരായ സാമുവേല്‍ മാര്‍ ഐറേനിയോസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ അന്തോണിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, മാത്യൂസ് മാര്‍ പക്കോമിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവരും സഹകാര്‍മ്മികരായിരുന്നു.

അനേകം വൈദികരും സമൂഹബലിയില്‍ പങ്കുചേര്‍ന്നു.
രാവിലെ സെന്റ് മേരീസ് കത്തീഡ്രല്‍ ഗേറ്റില്‍ ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലഗര്‍ തിരുമേനിക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. കബറിടത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടന്നു. ധന്യന്‍ മാര്‍ ഇവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാബാവ ഉപയോഗിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.

Mar Ivanios is a prophet of unity: Archbishop Paul Gallagher

Share Email
LATEST
Top