ദൈവദാസൻ മാർ മാക്കിലിനെ ‘ധന്യൻ’ ആയി പ്രഖ്യാപിച്ചു; മാർ തോമസ് തറയിലിന്റെ ഓർമ്മ പുതുക്കി

ദൈവദാസൻ മാർ മാക്കിലിനെ ‘ധന്യൻ’ ആയി പ്രഖ്യാപിച്ചു; മാർ തോമസ് തറയിലിന്റെ ഓർമ്മ പുതുക്കി

കോട്ടയം: ദൈവദാസൻ മാർ മാത്യു മാക്കിലിന്റെ ‘ധന്യൻ’ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന മാർ തോമസ് തറയിലിന്റെ 50-ാം ചരമവാർഷിക സമാപനവും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടന്നു.

ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ദീപം തെളിയിച്ച് ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗക്കാർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കിലിനെ ധന്യനായി പ്രഖ്യാപിക്കുന്ന ഡിക്രി ചാൻസലർ ഫാ. തോമസ് ആദോപ്പിള്ളിൽ വായിച്ചു. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സന്ദേശം നൽകി.

മാക്കിൽ പിതാവിന്റെ ധന്യൻ പദവി സഭയുടെ പൊതുവായ സന്തോഷമാണെന്നും, തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമുദായം സഭയുടെ മുൻപേ പറക്കുന്ന പക്ഷിയാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

തുടർന്ന് മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ സഹായ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, പ്രോ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ, സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോസ് തറയിൽ, അതിരൂപതാ വൈദികർ തുടങ്ങിയവർ സഹകാർമികരായിരുന്നു.

മാർ മാക്കിൽ പിതാവ് ഒരു വിശുദ്ധനാണെന്ന് ദിവ്യബലിമധ്യേ സന്ദേശത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് ക്‌നാനായ കത്തോലിക്കർക്കായി കോട്ടയം വികാരിയാത്തും വിസിറ്റേഷൻ സമൂഹവും ഉണ്ടായത്. ദൈവിക പദ്ധതികളെ തിരിച്ചറിയാനുള്ള വിശുദ്ധി പിതാവിനുണ്ടായിരുന്നു.

ദൈവിക പദ്ധതികളോടു ചേർന്നുനിന്ന് നിശ്ചയാർഢ്യത്തോടെ വിനയത്തിലും വിശുദ്ധിയിലും സഭയോടൊപ്പം മുന്നോട്ടുപോകാൻ കഴിഞ്ഞതുകൊണ്ടാണ് കോട്ടയം വികാരിയാത്ത് രൂപതയായും പിന്നീട് അതിരൂപതയായും ഉയർത്തപ്പെടാൻ ഇടയാക്കിയതെന്നും മാർ മൂലക്കാട്ട് കൂട്ടിച്ചേർത്തു.

ജോയി ജോസഫ് കൊടിയന്തറ, ജസ്റ്റിസ് സിറിയക് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ് തുടങ്ങിയ പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Mar Makil declared ‘Blessed’; Mar Thomas Tharayil’s memory revived

Share Email
LATEST
Top