മുംബൈ : മറാത്ത സംസാരിച്ചില്ലെന്നതിന്റെ പേരിൽ ഭക്ഷ്യസ്റ്റാൾ ഉടമയെ നവ നിർമാൺ സേനാ പ്രവർത്തകർ മർദ്ദിച്ചുവെന്നാരോപിച്ച് വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തിയതിനു പിന്നാലെ മഹാരാഷ്ട്ര നവനിർമാൺ സേന നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. പ്രകടനം നടത്താൻ അനുമതി തേടിയ സ്ഥലത്തുകൂടിയല്ല പ്രകടനം നടത്തിയതെന്നതിലാണ് പ്രകടനം തടഞ്ഞതെന്നു പോലീസ് അറിയിച്ചു.
ഭായന്ദർ മേഖലയിൽ ഒരു ഭക്ഷ്യസ്റ്റാൾ ഉടമയെ എംഎൻഎസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ വ്യാപാരികൾ നടത്തിയ പ്രതിഷേധത്തിന് മറുപടിയായി മഹാരാഷ്ട്ര നവനിർമാണ സേന (എംഎൻഎസ്) നടത്തിയ റാലി താനെയിൽ ഗതാഗതം സ്‌തംഭിപ്പിച്ചു. നിരവധി പ്രവർത്തകരെ പോലീസ് അറസ്‌റ്റു ചെയ്തു.
ഇന്നു പുലർച്ചെ 3.30ന് തന്നെ താനെ, പാല്ഘർ ജില്ലകളിലെ എംഎൻഎസ് നേതാക്കളായ അവിനാൾ ജാധവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റാലി തടയുകയുമായിരുന്നു. ഇതിനു പിന്നാലെ ഗുജറാത്തി വ്യാപാരികൾക്ക് പ്രകടനത്തിന് സർക്കാർ അനുമതി നൽകിയപ്പോൾ മറാത്തി ജനങ്ങളുടെ റാലിക്ക് വിലക്കേർപ്പെടുത്തിയെന്നു എംഎൻഎസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ ആരോപിച്ചു. അടിയന്തരാവസ്ഥ പോലെയുള്ള സാഹചര്യമാണെന്നും കുറ്റപ്പെടുത്തി.
എംഎൻഎസ് അനുമതിയില്ലാത്ത റൂട്ടിലൂടെ നീങ്ങിയതിനാലാണ് തടഞ്ഞതെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വിശദീകരിച്ചു. ‘പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും പറഞ്ഞ റൂട്ട് മാറിയതോടെയാണ് തടഞ്ഞതെന്നുംഫഡ്‌നവിസ് പറഞ്ഞു. സംഭവം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വ്യാപാരിയുമായുള്ള സംഘർഷത്തിൽ എംഎൻഎസ് പ്രവർത്തകർക്കെതിരെ ഭാരതീയ നിയമസംഹിത പ്രകാരം കലാപം, അക്രമം, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്‌ത ശേഷം ഏഴ് എംഎൻഎസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചതോടെയാണ് വ്യാപാരികളുടെ പ്രതിഷേധം ശക്തമായത്. സ്റ്റാൾ ഉടമയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഭായന്ദർ മേഖലയിൽ വ്യാപക പ്രതിഷേധം അരങ്ങേറി
ഈ സംഭവം എംഎൻഎസ് മുന്നോട്ടുവെക്കുന്ന മറാത്തി ഭാഷ പ്രചരണത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വാണിജ്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മറാത്തിയുടെ ഉപയോഗം നിർബന്ധമാക്കണമെന്ന ആവശ്യവുമായി പാർട്ടി രംഗത്തുണ്ട്.
Maratha war intensifies. Police stop mns ally