ഷിക്കാഗോ റിവർനോർത്ത് നിശാക്ലബ്ബിന് പുറത്ത് നടന്ന വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പിൽ പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിക്കാഗോയിലെ യുവ വനിതാ റാപ്പർ മെലോ ബക്സിൻ്റെ ആൽബം റിലീസ് ചടങ്ങിനു ശേഷം പിരിഞ്ഞുപോവുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയാണ് വെടിവയ്പുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
നിശാക്ളബിനു സമീപത്തേക്ക് കാർ ഓടിച്ചു കയറ്റിയ അക്രമികൾ ജനക്കൂട്ടുത്തിനു നേരെ വെടിയുതിർത്ത ശേഷം അതേ കാറിൽ രക്ഷപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.
24 ഉം 25 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 26 ഉം 27 ഉം വയസ്സുള്ള രണ്ട് സ്ത്രീകളുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരിൽ റാപ്പർ മെലോ ബക്സിൻ്റെ ആൺസുഹൃത്ത് ഡെവൺ വില്യംസണും ഉണ്ടെന്ന് ഷിക്കാഗോയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Mass shooting in Chicago 4 people killed 14 injured