ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിയെ പ്രതിരോധത്തിലാക്കി മുൻ ഓഫീസ് ഇന്റേൺ ഹദീഖ മാലിക്കിന്റെ വീഡിയോ പുറത്ത്. ന്യൂയോർക്ക് സിറ്റി കോളേജ് വിദ്യാർത്ഥിനിയായ ഹദീഖ മാലിക്, ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലെ ‘രാഷ്ട്രീയ പ്രവർത്തനം ജിഹാദാണ്’ എന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്.
വീഡിയോയിൽ ഹദീഖ മാലിക് ഇങ്ങനെ പറയുന്നു: “ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ യുദ്ധത്തിൽ പ്രതിഷേധിക്കുമ്പോൾ അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ നാം തയ്യാറാവണം. സൈബർ ആക്രമണം നേരിടണം. രാഷ്ട്രീയ പ്രവർത്തനം ജിഹാദാണ്. കോളനിവൽക്കരണത്തിനെതിരെ നിലകൊള്ളുമ്പോൾ അറസ്റ്റ് അടക്കമുള്ള ഭവിഷ്യത്തുകൾ നേരിടാൻ തയ്യാറാകണം. ഇതൊന്നും വെറുതെയാവില്ലെന്ന് അറിയാം, ഇതെല്ലാം ജിഹാദാണ്, ഇതെല്ലാം ആരാധനയാണ്.”
ഇസ്രയേലിന്റെ അടിച്ചമർത്തലിനെതിരായ പ്രസ്ഥാനത്തിൽ പങ്കുചേരാത്തവരെയും ഹദീഖ വിമർശിച്ചു. “ഇത് നിങ്ങൾ ഇടപെടേണ്ട വിഷയമായി കാണുന്നില്ലെങ്കിൽ, എന്തോ കുഴപ്പമുണ്ട്, രോഗമുണ്ട്. ഇത് നിങ്ങളുടെ കാര്യമല്ലെന്ന് പറയുന്ന സംവിധാനം ശരിയല്ല,” അവർ കൂട്ടിച്ചേർത്തു.
2024-ൽ സൊഹ്‌റാൻ മംദാനിയുടെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഓഫീസിൽ ഇന്റേൺ ആയി ഹദീഖ മാലിക് പ്രവർത്തിച്ചിട്ടുണ്ട്. മംദാനിയോടൊപ്പമുള്ള ചിത്രമാണ് ഹദീഖയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ ഉള്ളത്.
സിറ്റി കോളേജിലെ സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഹദീഖ. ഈ വർഷം ആദ്യം പലസ്തീന് പിന്തുണ പ്രഖ്യാപിച്ച റാലിയിൽ, മുസ്ലിം നാമധാരികളായ പോലീസ് ഉദ്യോഗസ്ഥരെ ‘പന്നികൾ’ എന്ന് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.
Mayoral candidate Sohran Mamdani in trouble: Former intern’s ‘jihad’ remark sparks controversy