സുരേന്ദ്രൻ നായർ
ആഗോള കമ്പോളവൽക്കരണത്തിൻ്റെ പ്രചാരത്തിൽ അതിവേഗം ശക്തിപ്രാപിച്ച ഒന്നാണ് നരേറ്റീവുകൾ (narratives). സാങ്കൽപ്പിക കഥാരചനയെന്നോ കൽപ്പിത വിവക്ഷകളെന്നോ ഇവയെ വിശേഷിപ്പിക്കാം. ഒരു പ്രത്യേക വിഷയത്തിൻ്റെ കാമ്പ് കണ്ടെത്തി, വ്യാഖ്യാതാവിൻ്റെ വീക്ഷണത്തിനനുസരിച്ച് ആകർഷകമായി അവതരിപ്പിക്കുക എന്നതാണ് നരേറ്റീവുകളുടെ ലക്ഷ്യം. ഉൽപ്പന്നങ്ങളെ ആകർഷകമാക്കാൻ പരസ്യവാചകങ്ങൾ കണ്ടെത്തുന്നത് പോലെ, ആശയങ്ങളെ പ്രചാരത്തിലാക്കാനോ അപനിർമ്മിക്കാനോ വേണ്ടിയാണ് നരേറ്റീവുകൾ നിർമ്മിക്കപ്പെടുന്നത്.
വിഷയങ്ങളുടെ കാതലായ വിമർശനാത്മക ചിന്തയെ തടഞ്ഞ് വൈകാരിക വിവരണങ്ങളിലൂടെ ജനശ്രദ്ധ തിരിച്ചുവിടുന്ന ഒരു രീതിയാണിത് എന്ന വിമർശനം നിലനിൽക്കുമ്പോഴും, മതിയായ പരിഗണന ലഭിക്കാത്ത വിഷയങ്ങളെ സജീവ ചർച്ചയിലെത്തിക്കാനും അപൂർവമായി ഈ പ്രക്രിയക്ക് കഴിയാറുണ്ട്. സാഹിത്യത്തിലും സിനിമയിലും തുടങ്ങി വിവിധ കമ്പോള മേഖലകളിലൂടെ സഞ്ചരിച്ച് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന കൽപ്പിത കഥാപരിസരം രാഷ്ട്രീയ രംഗമാണ്.
ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരമ്പരാഗത നിലപാടുകളും പ്രകടനപത്രികയും സംക്ഷിപ്തമായി അവതരിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് കണ്ടെത്തിയ നരേറ്റീവ് ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ (Make America Great Again) എന്നതായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പൊതുസ്വീകാര്യത കുറഞ്ഞ നയങ്ങളെയും മുൻകാല വിമർശനങ്ങളെയും നിശ്ശബ്ദമാക്കിയ ഒരു ആശയമായിരുന്നു ആ മുദ്രാവാക്യം. വൈകാരികത ഉണർത്തിയ ആ നരേറ്റീവ് ഫലം കാണുകയും ചെയ്തു. 2016-ൽ ബ്രെക്സിറ്റ് ഉടമ്പടിയിൽ നിന്ന് ബ്രിട്ടൻ പുറത്തുകടക്കാനായി നടത്തിയ ഹിതപരിശോധനയിൽ പിന്തുണ തേടാൻ തിരഞ്ഞെടുത്ത സൂചനാവാക്യം ‘ടേക്ക് ബാക്ക് കൺട്രോൾ’ (Take Back Control) എന്നതായിരുന്നു. വലിയ പ്രചാരണ കോലാഹലത്തിനൊടുവിൽ ആ നരേറ്റീവും ബ്രിട്ടന് അനുകൂലമായ ഫലം സമ്മാനിച്ചു.
പലപ്പോഴും ഇത്തരം സങ്കൽപ്പിക കഥാ രചനകൾ വിഷയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഗൂഢാലോചനാ രഹസ്യങ്ങളെയും വാസ്തവവിരുദ്ധമായ വിവരങ്ങളെയും യഥാർത്ഥ ഹീറോ-വില്ലൻ സ്ഥാനങ്ങളെയും പൊതുജനങ്ങളിൽ നിന്ന് മറച്ചുപിടിക്കും. തിരക്കഥാ നിർമ്മാതാക്കളുടെ സ്വാർത്ഥമായ രാഷ്ട്രീയ അധികാര താൽപ്പര്യങ്ങളാകും ഇതിലെ മുഖ്യ ചേരുവകൾ. ലോകരാഷ്ട്രീയത്തിലെ ചില ഉദാഹരണങ്ങൾ നോക്കിയാൽ, സോവിയറ്റ് യൂണിയൻ്റെ 1991-ലെ പതനത്തിനുശേഷം റഷ്യ നിരന്തരം ഉന്നയിക്കുകയും പുടിൻ പ്രഖ്യാപിത ലക്ഷ്യവുമാക്കുകയും ചെയ്തിരിക്കുന്ന ആഗോള റഷ്യൻ വംശജരുടെ സംരക്ഷണത്തെ ഒരു നരേറ്റീവായി കാണാം. വിഭജനാനന്തരം റഷ്യക്ക് പുറത്തായ 25 ദശലക്ഷത്തിലധികം റഷ്യൻ ഭാഷ സംസാരിക്കുന്ന യുക്രെയ്നിലും ബാൾട്ടിക് മേഖലയിലും കസാഖ്സ്ഥാനിലുമായി ചിതറിക്കിടക്കുന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം റഷ്യയുടെ ഉത്തരവാദിത്തമാണെന്നതാണ് ഈ നരേറ്റീവിൻ്റെ കാതൽ.
രാഷ്ട്രീയവും അധിനിവേശ ലക്ഷ്യങ്ങളുമുള്ള ചൈനയുടെ ഒരു നരേറ്റീവാണ് ചരിത്രപരമായ പരമാധികാരം (Historical Sovereignty). ചരിത്രത്തിൻ്റെ പഴയ നാൾവഴികളിൽ ചൈനയോട് ചേർന്ന് നിൽക്കുകയും പിന്നീട് സ്വതന്ത്ര രാഷ്ട്രങ്ങളാകുകയും ചെയ്ത വിയറ്റ്നാം, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ ആറോളം പ്രദേശങ്ങളുടെ രാഷ്ട്രീയ ആധിപത്യം ലക്ഷ്യമിട്ടുള്ള നിഗൂഢമായ ഒരു അജണ്ടയാണ് ഷി ജിൻപിങ്ങിൻ്റെ ‘ഹിസ്റ്റോറിക്കൽ സോവറിനിറ്റി’. ജനാധിപത്യ സംരക്ഷണം എന്ന ആപ്തവാക്യമുയർത്തി അമേരിക്ക ലോകത്തെവിടെയുമുള്ള രാഷ്ട്രവ്യാപാരങ്ങളിൽ ഏകപക്ഷീയമായി ഇടപെടുന്നതും അമേരിക്കയുടെ അദമ്യമായ ജനാധിപത്യപ്രേമം കൊണ്ടാണെന്ന് കരുതാൻ കഴിയില്ല. പ്രാഥമികമായി, മറ്റ് രാജ്യങ്ങളെ പറ്റിക്കാൻ ഈ ജനാധിപത്യ സംരക്ഷണ കവചം അമേരിക്ക കാലാകാലങ്ങളായി ഈ നരേറ്റീവിലൂടെ സമർത്ഥമായി ഉപയോഗിച്ചുവരുന്നു.
ലോകക്രമങ്ങളുടെ ഭാഗമായ ഇന്ത്യയിലും കാര്യങ്ങൾ ശരിയായി ധരിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും പല വിഭാഗങ്ങളും നരേറ്റീവുകൾ നിർമ്മിച്ച് നിലനിർത്തിപ്പോരുന്നുണ്ട്. പൊതുവായി ഒരു ഹൈന്ദവ പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പി. അധികാരത്തിൽ വന്നതുമുതൽ ഏറ്റവും കൂടുതൽ നരേറ്റീവുകളിലൂടെ ശ്രദ്ധ നേടിയ ഒന്നാണ് ഹിന്ദുത്വവും ദേശീയതയും. ഇവ രണ്ടും പരസ്പരം പൂരകങ്ങളാകാമെന്നിരിക്കെ, ദേശീയതയെ ഹിന്ദുത്വമായി വ്യാഖ്യാനിക്കുന്ന നരേറ്റീവുകൾ സാമൂഹിക മാധ്യമങ്ങളിലും ദൃശ്യശ്രാവ്യ മാധ്യമങ്ങളിലും സുലഭമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വടക്കേ ഇന്ത്യയിലും മധ്യപൂർവ ദേശങ്ങളിലും പിടിമുറുക്കുന്ന ബി.ജെ.പി.യെ പ്രതിരോധിക്കാൻ പ്രതിപക്ഷം ഉയർത്തിയ ‘പുഷ് ബാക്ക് സൗത്ത്’ എന്ന മുദ്രാവാക്യവും മറ്റൊരു നരേറ്റീവായിരുന്നു. വടക്കേ ഇന്ത്യയിൽ നിന്ന് തെക്കേ ഇന്ത്യയെ അടർത്തിമാറ്റുന്ന വിഘടനവാദ അജണ്ടയുടെ അന്തസ്സത്ത പുതിയ മുദ്രാവാക്യ നിർമ്മിതിയിലൂടെ അദൃശ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജനപ്രതിനിധികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ പുതിയ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി പാർലമെൻ്റ് മണ്ഡലങ്ങൾ കാലോചിതമായി പുനർനിർണയിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയപ്പോൾ, ചില പ്രാദേശിക തെക്കേ ഇന്ത്യൻ പാർട്ടികൾ ഉത്തരേന്ത്യൻ അധികാരകേന്ദ്രീകരണ ഭയം വൻതോതിൽ ജനിപ്പിച്ച് രൂപപ്പെടുത്തിയ ഒരു നരേറ്റീവ് ഇന്നും അവിടങ്ങളിൽ നിലനിൽക്കുന്നു.
ഇത്തരത്തിലുള്ള പല ഭാഷ്യങ്ങളും ഫലം കാണാതെ അന്തരീക്ഷത്തിൽ അലിഞ്ഞുപോയിട്ടുമുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ അത്തരത്തിലൊന്നായിരുന്നു. ബിൽ നിയമമായാൽ അസംഖ്യം മുസ്‌ലിം കുടുംബങ്ങൾ രാജ്യത്തിന് പുറത്താകുമെന്ന ഒരു ഭീതിയുടെ ഭാഷ്യം പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും, ബിൽ നിയമമായി വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുടുംബത്തെയും ഇന്ത്യയിൽ നിന്ന് നാളിതുവരെ ഡിപ്പോർട്ട് ചെയ്തിട്ടില്ല. പൗരത്വം കൊടുക്കാനുള്ള മാറ്റത്തെ പൗരത്വം നിഷേധിക്കാനുള്ള നിയമമാക്കി ദുർവ്യാഖ്യാനം ചെയ്യുന്ന നരേറ്റീവാണ് അവിടെ പ്രയോഗിച്ച് പരാജയപ്പെട്ടത്.
രാഷ്ട്രീയ ഭാഷ്യ നിർമ്മിതി പോലെ, ഭക്ഷണത്തിലൂടെ മതം പ്രചരിപ്പിക്കുന്ന ഹലാൽ ബ്രാൻഡിങ് ഉപയോഗത്തിലെ ഒരു നരേറ്റീവ് വളരെ കൗതുകമുണർത്തുന്നതാണ്. ‘മോർ ദാൻ എ മീൽ’ (More than a meal) എന്ന ഈ പ്രയോഗത്തിൻ്റെ ആധികാരികതയെക്കാൾ വിപണിയുടെ ആകർഷകത്വമാണ് ആധാരം.
സർവവ്യാപിയായിരിക്കുന്ന ഈ പ്രവണത നോബൽ സമ്മാന ദാതാക്കൾ പോലും സമർത്ഥമായി ഉപയോഗിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള സമ്മാനം ഒരിക്കലും ടോൾസ്റ്റോയിക്കോ മാക്സിം ഗോർക്കിക്കോ നൽകിയിട്ടില്ല, സമാധാനത്തിൻ്റെ സമ്മാനം മഹാത്മാഗാന്ധിക്കും ലഭിച്ചിട്ടില്ല എന്നിരിക്കിലും, നോബലിനെ നരേറ്റീവുകളിലൂടെ എന്നും ബഹുമതികളിൽ ഒന്നാമതായി നിലനിർത്തുന്നു. ബഹുമാനിക്കപ്പെടുന്നവരെക്കാൾ പ്രാധാന്യം അവാർഡ് ദാതാവ് നേടുന്നു.
ഈ വിധമുള്ള പരികൽപ്പനകളുടെ പറുദീസയായ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങൾ ഒഴിവാക്കി, അടുത്തിടെ നടന്ന ‘സേവ് ലക്ഷദ്വീപ്’ പ്രചാരണം മാത്രം ഒരു ഉദാഹരണമായി എടുക്കാം. ലക്ഷദ്വീപിൽ പുതുതായി വന്ന ഒരു കേന്ദ്ര അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കാൻ ശ്രമിച്ച വിനോദസഞ്ചാര മേഖല പരിഷ്കരണത്തെ നിഗൂഢമായ ലക്ഷ്യങ്ങളോടെ കേരളത്തിലെ ചിലർ കാണുകയും വലിയ പ്രതിഷേധങ്ങൾ ഉയർത്തി പ്രക്ഷോഭരംഗത്ത് വരുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും അണിനിരന്ന ‘സേവ് ലക്ഷദ്വീപ്’ നരേറ്റീവ് കേരളത്തിലെ ജനങ്ങളെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, ലക്ഷദ്വീപിനെ പ്രക്ഷോഭകർ ‘സേവ്’ ചെയ്തോ, അവർ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന വിവരം പിന്നീട് ആരും ചർച്ച ചെയ്തു കണ്ടില്ല.
ഏറ്റവുമൊടുവിൽ യമനിൽ വധശിക്ഷക്ക് വിധിച്ച ഒരു നഴ്‌സിന്റെ മോചനത്തിനായി വലിയ പ്രചാരണം നടന്നുവരുന്നു. ആ ശ്രമങ്ങളോടും ഫലപ്രാപ്തിയോടും പൂർണ്ണമായും യോജിക്കുമ്പോഴും, നിമിഷപ്രിയയെ യമനിലെ കോടതി എന്തിനാണ് ശിക്ഷിച്ചത് എന്ന കാര്യം മോചനാഹ്വാന നരേറ്റീവുകൾ മറച്ചുപിടിക്കുന്നു. ആ സഹോദരിക്ക് വധശിക്ഷയിൽ നിന്ന് മാപ്പ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുമ്പോഴും, അവർ ചെയ്ത കുറ്റകൃത്യം ന്യായീകരിക്കത്തക്കതല്ല. തൻ്റെ നഴ്സിങ് ഹോം നടത്തിപ്പിൽ പങ്കാളിയായിരുന്ന ഒരു യെമൻ യുവാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി, മറ്റൊരു യെമൻ നഴ്‌സിന്റെ സഹായത്തോടെ 110 കഷണങ്ങളാക്കി കൊത്തിനുറുക്കി, ടാങ്കിൽ വലിച്ചെറിഞ്ഞ് ഒളിവിൽ പോയി. ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ പിടിയിലായ നിമിഷപ്രിയയെ ശരീഅത്ത് കോടതി വധശിക്ഷക്കും സഹായിയായ നഴ്‌സിനെ ജീവപര്യന്തം തടവിനും വിധിക്കുകയുണ്ടായി. കുറ്റനിഷേധത്തിന് സാധ്യതയില്ലാത്ത മാപ്പ് മാത്രമാണ് ഏക സാധ്യത.
പൊതുബോധത്തെ വഴിതിരിച്ചുവിടുന്ന ഇത്തരം നരേറ്റീവുകൾ പ്രധാനമായും നിർമ്മിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. അവർക്ക് പിന്നാലെ ഈ നിരയിലേക്ക് വരുന്നത് സ്ഥാപിത താൽപ്പര്യങ്ങൾ വച്ചുപുലർത്തുന്ന സിനിമകളും സാഹിത്യകാരന്മാരുമാണ്. മാധ്യമങ്ങൾ ആവർത്തിച്ചുള്ള ‘നുണ പ്രയോഗങ്ങളിലൂടെ’ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുമ്പോൾ, മറ്റ് കേന്ദ്രങ്ങൾ വിനോദോപാധികളിലൂടെയും സാങ്കൽപ്പിക കഥാ രചനകളിലൂടെയും തങ്ങളുടെ താൽപ്പര്യങ്ങൾ ഒളിച്ചുകടത്തുന്നു. സാധാരണ പൗരന് ഒരു വിഷയം സംബന്ധിച്ച് സ്വയം നിർണയം നടത്താൻ ആവശ്യമായ ശരിതെറ്റുകളുടെ പ്രാതിനിധ്യമാണ് വേണ്ടത്. മാധ്യമങ്ങൾ സ്വയം നിർമ്മിത നരേറ്റീവുകളിലൂടെ നമ്മുടെ അറിയാനുള്ള അവകാശത്തെയാണ് അന്ധകാരത്തിൽ ഒളിപ്പിക്കുന്നത്.
Media narratives: Stories that hide the truth