തെറ്റ് പറ്റി, ക്ഷമിക്കണം! ‘സിദ്ധരാമയ്യ അന്തരിച്ചു’വെന്ന് വിവർത്തനത്തിൽ പിഴവ്, മാപ്പ് ചോദിച്ച് മെറ്റ

തെറ്റ് പറ്റി, ക്ഷമിക്കണം! ‘സിദ്ധരാമയ്യ അന്തരിച്ചു’വെന്ന് വിവർത്തനത്തിൽ പിഴവ്, മാപ്പ് ചോദിച്ച് മെറ്റ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്തരിച്ചുവെന്ന് വിവർത്തനത്തിൽ പിഴവ് സംഭവിച്ചതോടെ മാപ്പ് ചോദിച്ച് ടെക് ഭീമനായ മെറ്റ. കഴിഞ്ഞ ദിവസം പ്രമുഖ നടി ബി. സരോജ ദേവിയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കന്നഡയിൽ അനുശോചന സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇത് കന്നഡയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോഴാണ് മെറ്റയ്ക്ക് പിഴവ് പറ്റിയത്.

“മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ അന്തരിച്ചു, ബഹുഭാഷാ താരവും മുതിർന്ന നടിയുമായ ബി. സരോജ ദേവിയുടെ ഭൗതികശരീരം ദർശിക്കുകയും അന്ത്യാഞ്ജലി അർപ്പിക്കുകയും ചെയ്തു.”- എന്നായിരുന്നു തെറ്റായ വിവർത്തനം. മെറ്റയുടെ എഐ അധിഷ്ടിത ട്രാൻസലേഷൻ ടൂളിനാണ് ഇത്തരമൊരു അബദ്ധം പറ്റിയത്.

“മെറ്റ പ്ലാറ്റ്‌ഫോമുകളിൽ കന്നഡ ഉള്ളടക്കം തെറ്റായ രീതിയിൽ സ്വയമേവ വിവർത്തനം ചെയ്യുന്നത് വസ്തുതകളെ വളച്ചൊടിക്കുകയും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ഔദ്യോഗിക ആശയവിനിമയങ്ങളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ച് അപകടകരമാണ്” എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ തന്നെ നേരിട്ട് രംഗത്തെത്തിയത്.

“എന്റെ മാധ്യമ ഉപദേഷ്ടാവ് കെ വി പ്രഭാകർ മെറ്റയ്ക്ക് അടിയന്തര തിരുത്തൽ ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തെഴുതിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. കാണിക്കുന്ന വിവർത്തനങ്ങൾ പലപ്പോഴും കൃത്യമല്ലെന്ന് പൗരന്മാർ അറിഞ്ഞിരിക്കണമെന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു. ടെക് ഭീമന്മാരുടെ ഇത്തരം അശ്രദ്ധ പൊതുജനങ്ങളുടെ ധാരണയ്ക്കും വിശ്വാസത്തിനും ദോഷം ചെയ്യും.”- എന്നും സിദ്ധരാമയ്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ട “സോഷ്യൽ മീഡിയ ഭീമനായ മെറ്റ അതിന്റെ പ്ലാറ്റ്‌ഫോമുകളിലെ കന്നഡ ഉള്ളടക്കത്തിന്റെ തെറ്റായ വിവർത്തനത്തിന് ക്ഷമാപണം നടത്തി, സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായി പ്രസ്താവിച്ചു.” എന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

Share Email
Top