കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് ദാരുണമായി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ സുജ കൊച്ചിയിലെത്തി. എയർപോർട്ടിലെ നടപടിക്രമങ്ങൾക്ക് ശേഷം കൊല്ലത്തേക്ക് തിരിച്ചു. തുർക്കിയിൽ ജോലി ചെയ്യുന്ന സുജ മിഥുൻ്റെ മരണ വിവരം അറിഞ്ഞാണ് നാട്ടിലേക്ക് എത്തിയത്. ഉച്ചയോടെ കൊല്ലത്തെ വീട്ടിലേക്ക് എത്തിച്ചേരും. നാല് മാസം മുൻപാണ് സുജ ജോലി ആവശ്യത്തിന് വേണ്ടി വിദേശത്തേക്ക് പോയത്. മകൻ്റെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് മടക്കം.
മിഥുൻ്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ നാടും സ്കൂളും ഒരുങ്ങി കഴിഞ്ഞു . ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മിഥുൻ്റെ മൃതദേഹം സ്കൂളിലേക്ക് വിലാപ യാത്രയായി എത്തിക്കുകയാണ്. സ്കൂളിൽ പൊതുദർശനം ഉടൻ തുടങ്ങും. 12 മണിവരെ സ്കൂളിൽ പൊതുദർശനം ഉണ്ടാകും. സഹപാഠികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരമാണിത്. അതിനുശേഷം, മൃതദേഹം വിലാപയാത്രയായി ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
ഈ ദാരുണ സംഭവത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോയിരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച വൈദ്യുതി ലൈനിൽ നിന്നാണ് മിഥുന് ഷോക്കേറ്റത്. ക്ലാസിൽ ചെരുപ്പ് എറിഞ്ഞുകളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിന് മുകളിൽ വീഴുകയും, അത് എടുക്കാൻ ബെഞ്ചും ഡെസ്കും ചേർത്തിട്ട് കയറുന്നതിനിടെ മിഥുൻ തെന്നി വൈദ്യുതി ലൈനിൽ പിടിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും സ്കൂൾ മാനേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. കെഎസ്ഇബി മിഥുന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും, അപകടത്തിന് കാരണമായ വൈദ്യുതി ലൈനുകൾ ഇന്ന് നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.