കൊല്ലം: അധികൃതരുടെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ തേവലക്കര ബോയ്‌സ് സ്കൂൾ വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മിഥുന്റെ അമ്മ സുജ 9 മണിയോടെ കൊച്ചിയിലെത്തും. പുലർച്ചെ നാല് മണിക്ക് കുവൈത്തിൽ നിന്ന് സുജ പുറപ്പെട്ടു. വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.
നിലവിൽ കുട്ടിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണിയോടെ മിഥുൻ്റെ മൃതശരീരം സ്കൂളിൽ എത്തിക്കും. 12 മണി വരെ പൊതു ദർശനം ഉണ്ടാകും. ഇതുകഴിഞ്ഞാകും വിളന്തറയിലെ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കാരം നടക്കുക.
കഴിഞ്ഞ ദിവസമാണ് തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെത്തി കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന് ഷോക്കേറ്റത്.
അപകടത്തിൽ നിലവിൽ മൂന്ന് അന്വേഷണം നടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ റിപ്പോര്‍ട്ടും, പൊലീസ് റിപ്പോര്‍ട്ടും വന്നാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസും കൈമാറി.
കെട്ടിടങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ പകര്‍പ്പും പുറത്ത് വന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് കൂടിയാണിത്. പഞ്ചായത്തിന്റെ വീഴ്ച കൂടി പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതിന് പിന്നാലെയാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വന്നത്.