കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച പൊന്നോമന മിഥുന്റെ തൊട്ടരികെ അമ്മ സുജ എത്തിയപ്പോൾ നാടിനാകെ സഹിക്കാൻ പറ്റാത്ത നൊമ്പരമായി അത് മാറി. കുവൈറ്റിലായിരുന്ന അമ്മ സുജ, പൊന്നോമനയെ അവസാനമായി ഒരുനോക്ക് കാണാനായി ഇന്നാണ് നാട്ടിലെത്തിയത്. സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പിന്നീട് പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തെ വീട്ടിലെത്തിയത്. ചേതനയറ്റ പോന്നോമനയെ കണ്ട സുജ, വിങ്ങി പൊട്ടിയപ്പോൾ നാടൊന്നാകെ സങ്കടക്കടലായി മാറി. സുജയെ ആശ്വസിപ്പിക്കാൻ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും കണ്ണിരോടെ പരിശ്രമിക്കുകയാണ്.
അതേസമയം നേരത്തെ സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണു മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ചേതനയറ്റ മിഥുന്റെ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഒരു നാട് ഒന്നാകെ വിങ്ങിപ്പൊട്ടുന്ന കാഴ്ചയായി അത് മാറി. നെഞ്ചുപൊട്ടിയ തേവലക്കരയിലെങ്ങും കണ്ണീർ മാത്രമായിരുന്നു. സങ്കടം താങ്ങാനാകാതെ വീട്ടുകാരും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഓരോ നിമിഷവും സങ്കടം അണപൊട്ടി ഒഴുകുകയാണ് വീട്ടിൽ.
സ്കൂളിൽ പൊതുദർശനം പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. സഹപാഠികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വിങ്ങിപ്പൊട്ടി മിഥുന് ആദരാഞ്ജലി അർപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മിഥുന്റെ അച്ഛമ്മ മണിയമ്മയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരച്ചടങ്ങുകൾ നടക്കും. സ്കൂളിലെ അപകട ശേഷം ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പൊതുദർശനത്തിന് സ്കൂളിൽ എത്തിച്ചത്.