കേരളാ സർവകാലാശാലയിലെ രജിസ്ട്രാർ- വൈസ് ചാൻസലർ പോര് അവസാനിക്കുന്നു. വിഷയം ചർച്ച ചെയ്യാൻ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻ്റെ വസതിയിലെത്തി.
സസ്‌പെൻഷൻ നടപടി രജിസ്ട്രാർ കെ എസ് അനിൽകുമാർ അംഗീകരിക്കണമെന്ന നിലപാടാണ് വിസി മന്ത്രിയെ അറിയിച്ചത്. സസ്പെൻഷൻ അംഗീകരിച്ചാൽ സർവകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് അയവ് വരുമെന്ന് വിസി അറിയിച്ചതോടെ വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചതായാണ് വിവരം.
വിസിയുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി ആർ ബിന്ദു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാലയിലെ പോര് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഉടൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയം ഇരുവരും ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.