ടെക്സാസ് : ജർമൻ എയ്‌റോസ്‌പേസ് കമ്പനിയുടെ ‘മിഷൻ പോസിബിൾ’ ദൗത്യം പരാജയപ്പെട്ടു; മരിച്ചവരുടെ ചിതാഭസ്മം വഹിച്ച പേടകം സമുദ്രത്തിൽ തകർന്നു വീണു.
മരിച്ചവരുടെ ചിതാഭസ്മവുമായി ബഹിരാകാശ യാത്ര സംഘടിപ്പിച്ച ജർമൻ എയ്‌റോസ്‌പേസ് സ്റ്റാർട്ടപ്പ് ദി എക്‌സ്‌പ്ലോറേഷൻ കമ്പനിയുടെ (TEC) ‘മിഷൻ പോസിബിൾ’ ദൗത്യം ദയനീയമായി പരാജയപ്പെട്ടു. 166 പേരുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള നിക്സ് (Nyx) പേടകം ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് പസഫിക് സമുദ്രത്തിൽ തകർന്നു വീഴുകയായിരുന്നു. നിരവധി കുടുംബങ്ങൾ കമ്പനിയെ ഏൽപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മങ്ങൾ വീണ്ടെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
2025 ജൂൺ 23-നാണ് കമ്പനി രൂപകൽപ്പന ചെയ്ത നിക്സ് പേടകം വിക്ഷേപിച്ചത്. ടെക്സാസ് ആസ്ഥാനമായുള്ള ബഹിരാകാശ ശവസംസ്കാര സ്ഥാപനമായ സെലെസ്റ്റിസ് വഴിയാണ് ചിതാഭസ്മങ്ങൾ ദൗത്യത്തിനായി ശേഖരിച്ചത്. ചിതാഭസ്മങ്ങൾ ബഹിരാകാശത്ത് എത്തിക്കുകയും ഭൂമിയെ വലംവെച്ച് പേടകം തിരിച്ചെത്തുകയും ചെയ്യുക എന്നതായിരുന്നു ദൗത്യത്തിൻ്റെ ലക്ഷ്യം. പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങുന്ന പേടകത്തിൽനിന്ന് ചിതാഭസ്മങ്ങളടക്കം ശേഖരിച്ച് ബന്ധുക്കളെ തിരികെ ഏൽപ്പിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു.
ആശയവിനിമയ ബന്ധം നഷ്ടപ്പെടുന്നതിനു മുൻപ് ചിതാഭസ്മങ്ങളടങ്ങിയ പേടകം ഭൂമിയെ രണ്ടുതവണ വിജയകരമായി പരിക്രമണം ചെയ്തിരുന്നു. എന്നാൽ, ഭ്രമണപഥത്തിൽനിന്ന് തിരികെ വരുന്നതിനിടെ പുനഃപ്രവേശനത്തിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പേടകം തകരാറിലാകുകയും അതിലെ വസ്തുക്കൾ കടലിൽ ചിതറുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വിക്ഷേപണത്തിനുശേഷം പേടകം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നു. ഭൗമാന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശന സമയത്ത് ആശയവിനിമയബന്ധം പുനഃസ്ഥാപിച്ചുവെങ്കിലും, കടലിൽ പതിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് കമ്പനിക്ക് പേടകവുമായുള്ള ബന്ധം വീണ്ടും നഷ്ടപ്പെടുകയായിരുന്നു.
പേടകം പസഫിക് സമുദ്രത്തിൽ തകർന്നു വീണതായും അതിലുള്ള വസ്തുക്കളൊന്നും വീണ്ടെടുക്കാനായില്ലെന്നും ടിഇസി (TEC) സ്ഥിരീകരിച്ചു. 166 വ്യക്തികളുടെ ഭൗതികാവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള സെലെസ്റ്റിസിൻ്റെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. ചൊവ്വയിൽ കഞ്ചാവ് കൃഷി ചെയ്യുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായ കഞ്ചാവ് വിത്തുകളും പേടകത്തിൽ ഉൾപ്പെട്ടിരുന്നു. നിക്സിന് മുൻപ് ടിഇസി ഒരു പേടകം മാത്രമാണ് വിക്ഷേപിച്ചിട്ടുള്ളത്. ഇത് അവരുടെ രണ്ടാമത്തെ ദൗത്യമായിരുന്നു, അത് ദയനീയമായി പരാജയപ്പെട്ടു.
ദൗത്യം പരാജയപ്പെട്ടതിന് പിന്നാലെ സെലെസ്റ്റിസിൻ്റെ സഹസ്ഥാപകൻ ചാൾസ് എം. ചേഫർ നിരാശ പ്രകടിപ്പിക്കുകയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ദൗത്യവുമായി സഹകരിക്കാൻ തീരുമാനിച്ചവരുടെ ധീരതയെ അദ്ദേഹം അംഗീകരിച്ചു. ദുരിതബാധിത കുടുംബങ്ങളുമായി ബന്ധപ്പെട്ട് പിന്തുണ വാഗ്ദാനം ചെയ്യാനും സാധ്യമായ അടുത്ത നടപടികൾ സ്വീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ടെന്നും സുതാര്യതയോടും ശ്രദ്ധയോടും കൂടി സേവനം തുടരാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യത്തിൽ പങ്കാളികളായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുന്നതിനും മുന്നിട്ടിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
‘Mission Possible’ space mission fails: Ashes of 166 people lost in Pacific Ocean