ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരം. രണ്ട് ദിവസത്തിനകം സാധാരണ നിലയിൽ ഔദ്യോഗിക ചുമതലകൾ നിർവ്വഹിച്ച് തുടങ്ങാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടന്നാണ് സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പിലെ വ്യതിയാനമാണ് കാരണമെന്ന് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. രാവിലെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് സ്റ്റാലിനെ വിധേയനാക്കിയെന്നും, ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ ആണെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു.