റിയോ ഡി ജനീറോ∙ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി പറഞ്ഞു.
‘‘ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറി. പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരവാദികളെ ഉപരോധിക്കുന്നതിൽ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാനാവില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണം.’’ – മോദി പറഞ്ഞു.
Modi in BRICS Summit