കൊച്ചി: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ചലച്ചിത്ര രംഗത്തേക്ക് കടക്കുന്നു. ആഷിർവാദ് സിനിമാസിന്റെ 37-ാമത് ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലൂടെയാണ് വിസ്മയ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സഹോദരൻ പ്രണവ് മോഹൻലാലിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
2018 എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറക്കി.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ സിനിമയിൽ അരങ്ങേറിയത് മുതൽ വിസ്മയയും വെള്ളിത്തിരയിൽ എത്തുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമായിരുന്നു. ഈ ചോദ്യങ്ങൾക്കാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. എഴുത്തുകാരിയും ചിത്രകാരിയും കൂടിയാണ് വിസ്മയ. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പേരിൽ ഒരു കവിതാസമാഹാരം വിസ്മയയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
തായ് ആയോധനകലകളിൽ പരിശീലനം നേടിയ വിസ്മയ, ഇതിന്റെ വീഡിയോകൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല
Mohanlal’s daughter Vismaya to make her film debut with Jude Anthony Joseph’s film ‘Thudakam’