വിഎസിന്റെ അന്ത്യ യാത്ര കര്‍മ്മ മണ്ഡലത്തില്‍ നിന്നും ജന്മനാട്ടിലേക്ക്

വിഎസിന്റെ അന്ത്യ  യാത്ര കര്‍മ്മ മണ്ഡലത്തില്‍ നിന്നും ജന്മനാട്ടിലേക്ക്

തിരുവനന്തപുരം: ആര്‍ത്തലച്ചു വന്ന ജനസാഗരത്തിന്റെ ഹൃദയം വേദനയില്‍ പിളര്‍ത്തി വി.എസ് തലസ്ഥാന നഗരിയില്‍ നിന്നും യാത്രയായി. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അനന്തപുരിയില്‍ നിന്നും വിപ്ലവ സൂര്യന് യാത്രാമൊഴി ചൊല്ലിയത്. പതിറ്റാണ്ടുകളോളം തന്റെ കര്‍മ മേഖലയായിരുന്ന തിരുവനന്തപുരത്തു നിന്നും ജന്മനാട്ടിലേയ്ക്കുള്ള വി.എസിന്റെ മടക്ക യാത്ര.

പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി തുടങ്ങി പതിറ്റാണ്ടുകളോളം തന്റെ കര്‍മ മണ്ഡലമായിരുന്ന തലസ്ഥാന നഗരിയില്‍ വി.എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാവിലെ മുതല്‍ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. ഇന്നു രാവിലെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വി.എസിന്റെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിനായി എത്തിച്ചപ്പോള്‍ നാടിന്റെ നാനാ തുറകളില്‍ നിന്നും ആയിരങ്ങളാണ് അവസാന നോക്ക് കാണാനായി എത്തിയത്.കണ്ണേ കരളേ വിയെസേ’ എന്ന മുദ്രാവാക്യം വിളി തലസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ചു.

ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അണി ചേര്‍ന്നത്. ദേശീയപാതയിലൂടെയാണ് വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്.

ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം ഉണ്ടാകും. രാത്ര്ി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പതു മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 10 മണി മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം ഉണ്ടാകും.

പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വൈകിട്ട് മൂന്ന് മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തും

Mourning procession with the body of VS Achuthanandan begins

Share Email
Top