ആറ് വയസുകാരനായ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യൻ വംശജ സിന്‍ഡി റോഡ്രിഗസ് സിങ്ങ് (40) ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻസ് (FBI) തയ്യാറാക്കിയ പ്രധാന പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍.
2023-ല്‍ ആറു വയസുകാരനായ മെക്‌സിക്കന്‍ വംശജനായ മകന്‍ നോയല്‍ അല്‍വാരസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ 40-കാരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക 2,14,21,000 രൂപയായി (250,000 ഡോളര്‍) എഫ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്.
2023 മാര്‍ച്ച് 22-ന് ടെക്‌സസില്‍വെച്ചാണ് സിന്‍ഡി റോഡ്രിഗസിനെ കണ്ടതായുള്ള അവസാന വിവരം ലഭിച്ചത്. സിന്‍ഡിയും ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങും ആറ് കുട്ടികളും ഇന്ത്യയിലേക്കുള്ള ഒരു അന്താരാഷ്ട്ര വിമാനത്തില്‍ കയറിയെന്നാണ് വിവരം. ഈ സമയം നോയല്‍ ഇവര്‍ക്കൊപ്പമില്ലായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
നോയല്‍ അല്‍വാരസിന്റെ തിരോധാനവും സംശയാസ്പദമായ മരണവും :
നോയല്‍ അല്‍വാരസിന്റെ തിരോധാനവും സംശയാസ്പദമായ മരണവും എവര്‍മാനിലും വടക്കന്‍ ടെക്‌സസിലുടനീളമുള്ള എല്ലാവരുടെയും മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. 2023 മാര്‍ച്ചിലാണ് ആറു വയസുകാരന്‍ നോയലിനെ കാണിനില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്നാല്‍ പിന്നീട്, അമ്മയായ സിന്‍ഡി റോഡ്രിഗസ് സിങ് അവനെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് മറ്റൊരു സ്ത്രീക്ക് വില്‍ക്കുകയായിരുന്നു എന്ന് കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റത്. നോയലിന് ശേഷം സിന്‍ഡിക്ക് രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. ആറ് വയസുകാരന് പ്രേതബാധയാണെന്നും അവന്‍ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു ഇവര്‍ വിശ്വസിച്ചിരുന്നത്.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം കുട്ടി അവന്റെ മെക്‌സിക്കന്‍ സ്വദേശിയായ അച്ഛന്റെ കൂടെയാണ് എന്നാണ് താന്‍ വിശ്വസിച്ചിരുന്നത് എന്നാണ് സിന്‍ഡി പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് സിന്‍ഡിയുടെ ബന്ധു തന്നെയാണ് കുട്ടിയെ വിറ്റു എന്ന വിവരം അറിയിച്ചത്. വില്‍ക്കുക മാത്രമല്ല, അതിന് മുന്‍പ് കുട്ടിയെ നിരന്തരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും പല ദിവസങ്ങളിലും വെള്ളവും ഭക്ഷണവും നിഷേധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റാന്‍ പോലും സിന്‍ഡി താത്പര്യപ്പെട്ടിരുന്നില്ല. ഭക്ഷണം വസ്ത്രത്തില്‍ ആവുന്നതിനാലാണ് കുട്ടിക്ക് ഭക്ഷണം നിഷേധിച്ചിരുന്നത്.
കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവര്‍ക്കൊപ്പം കണ്ടത്. എന്നാല്‍, കുട്ടിയെ കാണാതായതായി കുടുംബം പരാതി നല്‍കുന്നത് 2023 മാര്‍ച്ചില്‍ മാത്രമാണ്. പരാതി നല്‍കിയതിന് പിന്നാലെ സിന്‍ഡിയും രണ്ടാം ഭര്‍ത്താവും കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടന്നെന്നാണ് വിവരം.
തുടര്‍ന്ന് നോയല്‍ റോഡ്രിഗസ് മരിച്ചിരിക്കാമെന്നും ഇനി അന്വേഷണം ആ നിലയില്‍ ആയിരിക്കുമെന്നും എവര്‍മാന്‍ പൊലീസ് ചീഫ് ക്രെയ്ഗ് സ്‌പെന്‍സര്‍ അറിയിച്ചിരുന്നു. സിന്‍ഡി റോഡ്രിഗസ് പോലീസിന് നല്‍കിയ സത്യവാങ്മൂലത്തില്‍ കുട്ടി പിതാവിനൊപ്പം മെക്‌സിക്കോയില്‍ കഴിയുകയാണെന്നാണ് പറഞ്ഞത്. എന്നാല്‍, കുട്ടി പിറക്കുന്നതിന് മുന്‍പു തന്നെ താന്‍ നാടുകടത്തപ്പെട്ടിരുന്നു എന്ന കുട്ടിയുടെ പിതാവിന്റെ വാദം സത്യമാണെന്ന് പൊലീസ് കണ്ടെത്തി.
സിന്‍ഡിയും അര്‍ഷ് ദീപ് സിങ്ങും ഇന്ത്യയിലുണ്ടെന്നാണ് പൊലീസും എഫ്ബിഐയും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയും കരുതുന്നത്.
Murder Case Accused Hiding in India; ₹2 Crore Reward Announced by FBI