കോട്ടയം: കോഴിക്കോട് നടന്ന കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്ക് അഭിമാനമായി നവോമി തോമസ് സ്വർണവും സുനിത ചെറിയാൻ വെള്ളിയും നേടി. മണർകാട് ചെറുകുന്നേൽ വീട്ടിൽ നവോമി തോമസും പാമ്പാടി വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാനുമാണ് മെഡലുകൾ സ്വന്തമാക്കിയത്.
കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷനും കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായാണ് ജൂലൈ 26-ന് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഇരുവരുടെയും ആദ്യ സംസ്ഥാനതല മത്സരമായിരുന്നു ഇത്.
കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ, ഉടമകളും ഫിറ്റ്നസ് പരിശീലകരും ദേശീയ പവർലിഫ്റ്റിങ് ജേതാക്കളുമായ സോളമൻ തോമസിന്റെയും ക്രിസ്റ്റി സോളമന്റെയും കീഴിലാണ് നവോമിയും സുനിതയും പരിശീലനം നേടുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിതകളിൽ കോട്ടയം ജില്ലയ്ക്ക് വേണ്ടി മെഡലുകൾ നേടിയവർ ഇവർ മാത്രമാണ്.
അമയന്നൂർ ചൂരാനാനിക്കൽ വീട്ടിൽ പരേതരായ കെ.വി. ചാക്കോ, ശോശാമ്മ ചാക്കോ എന്നിവരുടെ മകളാണ് നവോമി തോമസ് (ലൗലി). മണർകാട് ചെറുകുന്നേൽ തോമസ് സി. കുര്യനാണ് ഭർത്താവ്. ഷെറിൻ (ചെന്നൈ), സൂസൻ (കാനഡ) എന്നിവരാണ് മക്കൾ.
വാഴൂർ പുളിക്കൽകവല പുള്ളിയിൽ പരേതരായ മത്തായി ജോസഫ്, ശോശാമ്മ മത്തായി എന്നിവരുടെ മകളാണ് സുനിത ചെറിയാൻ. വെള്ളൂർ നിത ഹോട്ടൽ ഉടമയും പരേതനുമായ വി.എം. ചെറിയാൻ (തങ്കച്ചൻ) ആണ് ഭർത്താവ്. നിതിൻ (യു.കെ), നിത (എറണാകുളം) എന്നിവരാണ് മക്കൾ.
Naomi Thomas wins gold, Sunita Cherian wins silver in powerlifting