ചന്ദ്രനിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് നാസ; ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വീണ്ടും സജീവമാകുന്നു, പിന്നിലെന്ത്?

ചന്ദ്രനിലേക്കുള്ള മടക്കം പ്രഖ്യാപിച്ച് നാസ; ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വീണ്ടും സജീവമാകുന്നു, പിന്നിലെന്ത്?

ഹൂസ്റ്റൺ: ‘ഞങ്ങൾ തിരികെ പോകുന്നു’. ബഹിരാകാശ പര്യവേക്ഷണത്തിലെ ചരിത്രനേട്ടമായ അപ്പോളോ 11 ദൗത്യം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയിട്ട് 56 വർഷം തികയുന്നതിന്റെ ഭാഗമായി നാസ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ വാക്കുകളാണിത്. ഞങ്ങൾ അന്താരാഷ്ട്ര, വാണിജ്യ പങ്കാളികളുമായി ചേർന്ന് ചന്ദ്രനിലേക്ക് മടങ്ങാനും അവിടെ ഒരു ദീർഘകാല സാന്നിധ്യം സ്ഥാപിക്കാനും പ്രവർത്തിക്കുകയാണെന്നും നാസ പോസ്റ്റിൽ വ്യക്തമാക്കുന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും നാസയുടെ പോസ്റ്റിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്.

ചന്ദ്രനിൽ ഇറങ്ങുക, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുക എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചന്ദ്രനിലിറങ്ങിയത് ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് വഴിയൊരുക്കുകയും ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, ബഹിരാകാശയാത്രികർ എന്നിവരുടെ തലമുറകൾക്ക് പ്രചോദനമാവുകയും ചെയ്തു. “ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ്, മാനവരാശിക്ക് ഒരു വൻ കുതിച്ചുചാട്ടം” എന്നാണ് 1969 ജൂലൈ 20-ന് ചന്ദ്രനിൽ കാലുകുത്തിയശേഷം ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്‌ട്രോങ് പറഞ്ഞത്. അഞ്ച് പതിറ്റാണ്ടിലേറെയായിട്ടും ഗൂഢാലോചനാ സിദ്ധാന്തങ്ങൾ അവസാനിച്ചിട്ടില്ല.

ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ആരോപിക്കുന്നത് എന്ത്?

അപ്പോളോ ചാന്ദ്ര ദൗത്യങ്ങൾ അമേരിക്ക കെട്ടിച്ചമച്ചതാണ് എന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാർ ആരോപിക്കുന്നത്. ലാൻഡിങ്ങുകൾ സ്റ്റുഡിയോയിൽ ചിത്രീകരിച്ചതാണെന്നും ബഹിരാകാശ യാത്രികർ യഥാർത്ഥത്തിൽ ചന്ദ്രോപരിതലത്തിൽ നടന്നിട്ടില്ലെന്നുമാണ് ചിലർ ആരോപിക്കുന്നത്. ചന്ദ്രനിൽ അന്തരീക്ഷമില്ലെങ്കിലും അവിടെ സ്ഥാപിച്ച അമേരിക്കൻ പതാക കാറ്റിൽ പാറുന്നതും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബഹിരാകാശയാത്രികർ ചന്ദ്രോപരിതലത്തിൽനിന്ന് എടുത്ത ഫോട്ടോകളിൽ പശ്ചാത്തലത്തിൽ നക്ഷത്രങ്ങളൊന്നും കാണിക്കുന്നില്ല. അത് ഫോട്ടോകൾ സ്റ്റുഡിയോയിൽ എടുത്തതാണെന്നതിന് തെളിവാണെന്നും ചിലർ ആരോപിക്കുന്നു. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ബഹിരാകാശയാത്രികർക്ക് മാരകമായ റേഡിയേഷൻ ഏൽക്കുമായിരുന്നുവെന്നും, അത് അവർക്ക് അതിജീവിക്കാൻ അസാധ്യമാകുമായിരുന്നുവെന്നും വാദങ്ങളുണ്ട്.

1960-കളിലേതിനെക്കാൾ മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും ചന്ദ്രനിലേക്ക് മടങ്ങാൻ ഇത്രയധികം വർഷങ്ങളെടുക്കുന്നത് എന്തുകൊണ്ടാണെന്നും ഗൂഢാലോചനാ സിദ്ധാന്തക്കാർ വാദിക്കുന്നു.

വിദഗ്ദ്ധരുടെ മറുപടി

എന്നാൽ ഈ അവകാശവാദങ്ങളെ തള്ളിക്കളയാൻ വിദഗ്ദ്ധർ തെളിവുകളും ശാസ്ത്രീയ വിശദീകരണങ്ങളും നൽകിയിട്ടുണ്ട്. പതാകയുടെ ചലനത്തിന് കാരണം കാറ്റല്ല, മറിച്ച് ബഹിരാകാശയാത്രികർ അത് നിലത്ത് സ്ഥാപിക്കുമ്പോഴുള്ള ചലനമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബഹിരാകാശയാത്രികർ ഉപയോഗിച്ച ക്യാമറകൾ ചന്ദ്രന്റെ തിളക്കമുള്ള ഉപരിതലത്തിന്റെ ചിത്രങ്ങൾ പകർത്താൻ സജ്ജീകരിച്ചിരുന്നതായും, ഓവർ എക്സ്പോഷർ കാരണം നക്ഷത്രങ്ങൾ ദൃശ്യമായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തുന്നു. റേഡിയേഷൻ സംബന്ധിച്ച അവകാശവാദങ്ങളെക്കുറിച്ച്, ബഹിരാകാശയാത്രികർ സംരക്ഷണ സ്യൂട്ടുകൾ ധരിച്ചിരുന്നുവെന്നും റേഡിയേഷൻ ഏൽക്കുന്നത് കുറയ്ക്കാൻ ബഹിരാകാശ പേടകത്തിന് ഷീൽഡിംഗ് ഉണ്ടായിരുന്നുവെന്നും വിദഗ്ദ്ധർ വിശദീകരിക്കുന്നു. അപ്പോളോ ബഹിരാകാശയാത്രികർ 800 പൗണ്ടിലധികം ചന്ദ്രനിലെ പാറകളും മണ്ണും തിരികെ കൊണ്ടുവരികയും അവ വിശദമായി പഠിച്ച് ചന്ദ്രനിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

NASA Announces Return to the Moon; Conspiracy Theories Resurface

Share Email
Top