ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അഞ്ച് വർഷമായി ക്രിസ്ത്യൻ പ്രാതിനിധ്യമില്ല, പ്രവർത്തനം പൂർണമായും നിലച്ച നിലയിൽ

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അഞ്ച് വർഷമായി ക്രിസ്ത്യൻ പ്രാതിനിധ്യമില്ല, പ്രവർത്തനം പൂർണമായും നിലച്ച നിലയിൽ

ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സണും അംഗങ്ങളും ഇല്ലാത്തതിനാൽ പ്രവർത്തനം പൂർണ്ണമായും നിലച്ചു. കഴിഞ്ഞ അഞ്ച് വർഷമായി കമ്മീഷനിൽ ക്രിസ്ത്യൻ പ്രാതിനിധ്യം ഇല്ലാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ രൂപീകരിച്ച കമ്മീഷനാണ് നിലവിൽ നോക്കുകുത്തിയായിരിക്കുന്നത്.

ഏഴംഗ കമ്മീഷനിൽ ചെയർമാനും വൈസ് ചെയർമാനും ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന ജോർജ്ജ് കുര്യൻ 2020 മാർച്ച് 31-ന് വിരമിച്ചതിന് ശേഷമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രിസ്ത്യൻ പ്രാതിനിധ്യം പൂർണ്ണമായും ഇല്ലാതായത്. 2017 മെയ് മാസത്തിലാണ് ജോർജ്ജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി നിയമിച്ചത്.

ചെയർമാന്റെയും വൈസ് ചെയർമാൻ്റെയും ഉൾപ്പെടെ ആറ് ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താത്തതാണ് കമ്മീഷൻ പ്രവർത്തനരഹിതമാകാൻ കാരണം. അഞ്ച് വർഷത്തിലേറെയായി ക്രിസ്ത്യൻ അംഗം ഇല്ലാത്തതിനാൽ, മുൻ കമ്മീഷനിൽ ആറ് അംഗങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇവരെല്ലാം തങ്ങളുടെ മൂന്ന് വർഷ കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെ കമ്മീഷനിൽ ഇപ്പോൾ ഒരംഗം പോലുമില്ലാത്ത അവസ്ഥയാണ്. 2017-ലും കമ്മീഷൻ ചെയർപേഴ്സണും നിരവധി അംഗങ്ങളുമില്ലാതെ മാസങ്ങളോളം പ്രവർത്തിച്ചിരുന്നു.

Share Email
Top