കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെലോണ്‍’നെ തകര്‍ത്തതായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണ് ഇത് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തി. എന്‍സിബിയുടെ കൊച്ചി യൂണിറ്റ് മെലണ്‍ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോണ്‍ എന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്. കെറ്റാമെലോണ്‍’ ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വിതരണക്കാരനാണെന്നും അന്വേഷണങ്ങളില്‍ വെളിപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏകദേശം 35.12 ലക്ഷം രൂപ വിലമതിക്കുന്ന 1,127 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും, 70 ലക്ഷം രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ ആസ്തികള്‍ക്കൊപ്പം പിടിച്ചെടുത്തു. ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റല്‍ പാര്‍സലുകളില്‍ 280 എല്‍എസ്ഡി ബ്ലോട്ടുകള്‍ കണ്ടെത്തി. അന്വേഷണത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു.
തൊട്ടടുത്തദിവസം ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തു. പരിശോധനയില്‍, ഡാര്‍ക്ക്‌നെറ്റ് മാര്‍ക്കറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ്, ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ കണ്ടെടുത്തുവെന്നും എന്‍സിബി അറിയിച്ചു.
രാജ്യത്ത് വൻ ബന്ധങ്ങളുള്ള ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കെറ്റാമെലോണ്‍ വിപുലമായ ഒരു ശൃംഖല സ്ഥാപിച്ചിരുന്നു, ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എല്‍എസ്ഡി ഇയാള്‍ അയച്ചിട്ടുണ്ട്.