ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. അദ്ദേഹം നിലവിൽ വീട്ടിൽ വിശ്രമിച്ച് ചികിത്സയിലാണെന്നും, അടുത്ത മൂന്ന് ദിവസം വീട്ടിൽ നിന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കേടുവന്ന ഭക്ഷണം കഴിച്ചതാണ് അസുഖത്തിന് കാരണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
75 വയസ്സുള്ള നെതന്യാഹുവിന് ശനിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കുടൽവീക്കവും ശരീരത്തിലെ ജലാംശക്കുറവും കണ്ടെത്തിയതിനാൽ അദ്ദേഹം ചികിത്സയിൽ തുടരുകയാണ്, എന്ന് ഓഫീസിന്റെ പ്രസ്താവനയിൽ പറയുന്നു. ഡോക്ടർമാരുടെ ഉപദേശപ്രകാരം, അടുത്ത മൂന്ന് ദിവസം അദ്ദേഹം വീട്ടിൽ വിശ്രമിക്കുകയും അവിടെ നിന്ന് ഭരണപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്യും.
നെതന്യാഹുവിന്റെ ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്. 2023-ൽ മൂത്രാശയ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.