വാഷിംഗ്ടണ്‍: ഇന്ത്യയുമായി ഉടന്‍ തന്നെ ഒരു പുതിയ വ്യാപാര കരാറില്‍ ധാരണയാകാൻ സാധ്യതയുണ്ടെന്ന് വീണ്ടും സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ യുഎസ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ഉടന്‍ ഒരു വ്യാപാര കരാര്‍ അന്തിമമാക്കാനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് കഴിഞ്ഞ രണ്ട് ദിവസമായി സൂചന നല്‍കുന്നുണ്ട്. പരസ്പര താരിഫുകള്‍ക്കുള്ള ഓഗസ്റ്റ് 1 എന്ന സമയപരിധിക്ക് മുമ്പായി വാഷിംഗ്ടണുമായി ഒരു കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കാമെന്നാണ് ട്രംപ് പറയുന്നത്.
ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഓഗസ്റ്റ് 1 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നും, അന്ന് തന്റെ രാജ്യത്തേക്ക് ധാരാളം പണം വരുമെന്നും ട്രംപ് പറഞ്ഞു.
‘ഞങ്ങള്‍ 100 ബില്യണ്‍ ഡോളറിലധികം കൊണ്ടുവന്നു. വാഹനങ്ങള്‍ക്കും സ്റ്റീലിനും ഒഴികെ താരിഫുകള്‍ കാര്യമായി വന്നിട്ടില്ല. ഓഗസ്റ്റ് 1 ന് നമ്മുടെ രാജ്യത്തേക്ക് ധാരാളം പണം വരും. നിരവധി രാജ്യങ്ങളുമായി ഞങ്ങള്‍ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്നലെ ഞങ്ങള്‍ക്ക് ഒന്ന് ഉണ്ടായിരുന്നു. ഇന്ത്യയുമായി മറ്റൊരു കരാര്‍ വരാനിരിക്കുന്നു… ഒരുപക്ഷേ ഇന്ത്യയുമായി… ഞങ്ങള്‍ ചര്‍ച്ചയിലാണ്. ഞാന്‍ ഒരു കത്ത് അയയ്ക്കുമ്പോള്‍, അത് ഒരു കരാറാണ്… ഞങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല കരാര്‍ ഒരു കത്ത് അയയ്ക്കുക എന്നതാണ്, കത്തില്‍ നിങ്ങള്‍ 30%, 35%, 25%, 20% താരിഫ് നല്‍കുമെന്ന് പറയുന്നു. ഇന്ത്യയുമായുള്ള ഒരു കരാറിന് ഞങ്ങള്‍ വളരെ അടുത്താണ് ‘ ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ട്രംപിന്റെയും തീരുമാനങ്ങള്‍ക്കനുസൃതമായി ഇന്ത്യയും അമേരിക്കയും (യുഎസ്) നടത്തുന്ന ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ (ബിടിഎ) പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.
New trade deal with India may be soon says President Trump