സന/ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ കേസിൽ നിർണായക വഴിത്തിരിവ്. നിമിഷയുടെ വധശിക്ഷ നടപ്പാക്കുന്നതിന് പുതിയ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ സഹോദരൻ രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി.
ദിയാധനം (ബ്ലഡ് മണി) നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ചർച്ചകൾ അനിശ്ചിതമായി നീണ്ടുപോകുന്നതിലുള്ള അതൃപ്തിയാണ് കുടുംബത്തിന്റെ കടുത്ത നീക്കത്തിന് പിന്നിലെന്നാണ് സൂചന. വധശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തരുതെന്നും നിയമനടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം.
2017-ലാണ് യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ച കേസിൽ നിമിഷ പ്രിയ അറസ്റ്റിലായത്. കേസിൽ നിമിഷയ്ക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് യെമനിലെ സുപ്രീം അപ്പീൽ കോടതി ഉൾപ്പെടെ ഇത് ശരിവെക്കുകയുമായിരുന്നു.
ശരിയത്ത് നിയമം നിലനിൽക്കുന്ന യെമനിൽ, കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുകയോ ദിയാധനം സ്വീകരിക്കുകയോ ചെയ്താൽ മാത്രമേ വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുകയുള്ളൂ. ഇതിനായി ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഊർജ്ജിതമായ ശ്രമങ്ങൾ നടന്നുവരികയാണ്. തലാലിന്റെ കുടുംബവുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സഹോദരൻ വധശിക്ഷ വേഗത്തിലാക്കണമെന്ന ആവശ്യവുമായി പബ്ലിക് പ്രോസിക്യൂട്ടറെ സമീപിച്ചിരിക്കുന്നത്.
കുടുംബം തന്നെ നേരിട്ട് രംഗത്തെത്തിയതോടെ, നിമിഷയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമായി. എത്രയും പെട്ടെന്ന് ദിയാധന കാര്യത്തിൽ ധാരണയിലെത്തേണ്ടത് നിമിഷയുടെ ജീവൻ രക്ഷിക്കാൻ അനിവാര്യമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ എംബസിയുടെയും ആക്ഷൻ കൗൺസിലിന്റെയും ഭാഗത്തുനിന്നുള്ള അനുനയ നീക്കങ്ങളിലാണ് ഇനി ഏവരുടെയും പ്രതീക്ഷ.