സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തില്‍ ചര്‍ച്ച ചൊവ്വാഴ്ചയും തുടരും. യെമൻ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവൻമാർ, കൊല്ലപ്പെട്ടയാളുടെ സഹോദരൻ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ് ഹബീബിന് കാന്തപുരവുമായി അടുത്ത ബന്ധമുണ്ട്. ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണ്.
ചര്‍ച്ചകള്‍ ആശാവഹമാണെന്നും ചൊവ്വാഴ്ച നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.
മാപ്പ് നല്‍കുന്നതില്‍ കുടുംബത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
സുപ്രീം കോടതിയിൽ നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലെ ഷെയ്ഖിന്റെ സേവനം ഉപയോഗിക്കുന്നതായി കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നോർത്ത് യെമനിലാണ് ചർച്ച നടക്കുന്നത്. ദയാധനത്തിന് പകരമായി മാപ്പ് നൽകി വധശിക്ഷയിൽനിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്നത്. യെമനിൽ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണ്.
Nimisha Priya’s release Discussions will continue today