നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ആശങ്ക; ജയിൽ മോചനത്തിനായി ശ്രമം തുടരുന്നു, വക്കീലിനെ നിയമിച്ചുവെന്നും ഇന്ത്യ

നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ആശങ്ക; ജയിൽ മോചനത്തിനായി ശ്രമം തുടരുന്നു, വക്കീലിനെ നിയമിച്ചുവെന്നും ഇന്ത്യ

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കേരളത്തിൽ നിന്നുള്ള നഴ്‌സ് നിമിഷ പ്രിയയുടെ കേസ് അതീവ ഗൗരവമുള്ള വിഷയമാണെന്നും, ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ സൗഹൃദ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വ്യാഴാഴ്ച അറിയിച്ചു. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ 36 കാരിയായ നിമിഷ പ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

നിമിഷ പ്രിയയുടെ കുടുംബത്തിന് സർക്കാർ നിയമസഹായം നൽകിയിട്ടുണ്ടെന്നും, പതിവായി കോൺസുലാർ സന്ദർശനങ്ങൾ ക്രമീകരിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര പത്രസമ്മേളനത്തിൽ അറിയിച്ചു. “ഇതൊരു സെൻസിറ്റീവ് വിഷയമാണ്. ഈ കേസിൽ ഇന്ത്യാ ഗവൺമെന്റ് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കാൻ ഞങ്ങൾ നിയമസഹായം നൽകുകയും ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിനായി പതിവായി കോൺസുലാർ സന്ദർശനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്,” ജയ്‌സ്വാൾ പറഞ്ഞു.

വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവച്ചിരിക്കുന്നതെന്ന് ,” ജയ്‌സ്വാൾ വ്യക്തമാക്കിയിട്ടില്ല. കുടുംബങ്ങൾ തമ്മിലുള്ള ചർച്ച ഉടൻ ഫലപ്രാപ്തിയിലെത്തുമെന്നാണു പ്രതീക്ഷയെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക ജയിൽ അധികൃതരുമായും പ്രോസിക്യൂഷൻ ഓഫിസുമായും സൗദിയിലെ ഇന്ത്യൻ എംബസി ചർച്ച നടത്തുകയും കുടുംബങ്ങൾ തമ്മിൽ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. അതേ സമയം അഖിലേന്ത്യ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നടത്തി ഇടപെടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീപ് ജയ്‌സ്വാൾ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിൽ നിലവിൽ ഇന്ത്യയ്ക്ക് എംബസിയില്ല. ഇതു വിദേശകാര്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടലിനു തടസ്സമായിരുന്നു. നിമിഷപ്രിയയെ പാർപ്പിച്ചിട്ടുള്ള ജയിലുൾപ്പെടുന്ന സനാ നഗരം യെമനിലെ വിമതവിഭാഗമായ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവരുമായി ഇന്ത്യയ്ക്കു കാര്യമായ ബന്ധമില്ലാത്ത സാഹചര്യത്തിൽ പ്രാദേശിക മധ്യസ്ഥരുടെയും ഇറാൻ സർക്കാരിന്റെയും മറ്റും സഹായത്തോടെയാണ് ഇടപെടലുകൾ. ഇസ്ലാമിക നിയമം പ്രയോഗിക്കുന്ന ശരീഅത്ത് കോടതികളും, പരമ്പാരഗത നിയമം പ്രയോഗിക്കുന്ന ഗോത്ര കോടതികളും യമനിലുണ്ട്. പക്ഷേ കോടതി പ്രവർത്തിക്കുന്നത് സ്വതന്ത്രമായിട്ടല്ല, ഗോത്രത്തിന്റെ വികാരത്തിന് അനുസരിച്ചയാണ്. അതാണ് നിമഷപ്രിയക്കടക്കം തിരിച്ചിടിയാവുന്നത്.

തൊട്ടടുത്ത രാജ്യമായ ജിബൂട്ടിയും, സൗദി എംബസിയാണ് യെമനും ഇന്ത്യയും തമ്മിലെ കാര്യങ്ങളെ ഏകോപിപ്പിക്കുന്നത്. 2016 മുതൽ ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് യാത്രാവിലക്കുമുണ്ട്്. എങ്കിലും ഹൂതികളുമായി അടുത്ത ബന്ധമുള്ള ഇറാൻ വഴിയും ഇന്ത്യ ശ്രമം തുടരുന്നുണ്ട്.

തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തിന്റെ നിലപാട്

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിനെ തുടർന്ന് തുടർനടപടികൾ ആരായുകയാണ് നിമിഷയുടെ കുടുംബം. എന്നാൽ, മാപ്പ് നൽകാനോ ബ്ലഡ് മണി സ്വീകരിക്കാനോ തയ്യാറല്ലെന്ന് കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരൻ അബ്ദുൽഫത്താ മെഹ്ദി വ്യക്തമാക്കി. ജൂലൈ 14-ന് ബിബിസി അറബിക്കിന് നൽകിയ അഭിമുഖത്തിൽ, ‘ഖിസാസ്’ (ശരിയത്ത് നിയമപ്രകാരമുള്ള പ്രതികാര നീതി) വേണമെന്ന കുടുംബത്തിന്റെ ആവശ്യം മെഹ്ദി ആവർത്തിച്ചു. നിമിഷയുടെ കുറ്റകൃത്യത്തിന് വധശിക്ഷ നൽകണമെന്ന് അദ്ദേഹം നിർബന്ധിച്ചു.

തലാൽ നിമിഷ പ്രിയയെ ദുരുപയോഗം ചെയ്തതായോ പാസ്‌പോർട്ട് തടഞ്ഞുവെച്ചതായോ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ അബ്ദുൽഫത്ത നിഷേധിച്ചു. ‘കുറ്റം ചുമത്തപ്പെട്ട കൊലയാളിയെ ഇരയായി’ ചിത്രീകരിക്കുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഇന്ത്യൻ മാധ്യമങ്ങളെ വിമർശിച്ചു.

നിമിഷയും തലാലും തമ്മിലുള്ള ബന്ധം പ്രൊഫഷണലായി ആരംഭിച്ച് പിന്നീട് ഒരു ബിസിനസ് പങ്കാളിത്തത്തിലേക്ക് മാറി, ഒടുവിൽ ഏകദേശം നാല് വർഷം നീണ്ടുനിന്ന ഒരു ഹ്രസ്വ ദാമ്പത്യത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ക്രൂരമായ കുറ്റകൃത്യം മാത്രമല്ല, നീണ്ടതും വേദനാജനകവുമായ വ്യവഹാര പ്രക്രിയയും ഞങ്ങൾക്ക് ദുരിതം സമ്മാനിച്ചു,” അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചർച്ചകളോ രക്തപ്പണ ഒത്തുതീർപ്പുകളോ നിരസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ നാൾവഴികൾ

കേരളത്തിൽ നിന്നുള്ള നഴ്‌സായ നിമിഷ പ്രിയ 2008-ൽ മികച്ച ജോലി അവസരങ്ങൾ തേടിയാണ് യെമനിലേക്ക് താമസം മാറിയത്. 2012-ൽ നഴ്‌സായി യെമനിലെത്തിയ നിമിഷ പ്രിയ, ഭർത്താവ് ടോമിക്കൊപ്പം ഒരു ക്ലിനിക്കിൽ ജോലിക്ക് പ്രവേശിച്ചു. ഇവിടെ വെച്ചാണ് യെമൻ പൗരനായ തലാൽ അബ്ദുൽ മെഹ്ദിയെ പരിചയപ്പെടുന്നത്. ഇരുവരും ചേർന്ന് ഒരു ക്ലിനിക്ക് തുടങ്ങാൻ പദ്ധതിയിട്ടു. യെമനിൽ ക്ലിനിക്ക് തുടങ്ങാൻ യെമൻ പൗരന് മാത്രമേ സാധിക്കൂ എന്നതിനാൽ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യം ക്ലിനിക്കിന് വേണ്ടി നിക്ഷേപിച്ചു. ഇതിനിടെ, നാട്ടിലേക്ക് പോയ ഭർത്താവും മകളും യെമനിലെ ആഭ്യന്തര സംഘർഷം കാരണം തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങി. വലിയ തുക നിക്ഷേപിച്ചതിനാൽ അത് വിട്ടുപോരാൻ നിമിഷ പ്രിയക്ക് കഴിഞ്ഞില്ല.

‘അൽ അമൻ മെഡിക്കൽ ക്ലിനിക്ക്’ എന്ന പേരിൽ 2015-ന്റെ തുടക്കത്തിൽ 14 ബെഡ്ഡുകളുമായി ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ, ബിസിനസ് പങ്കാളിയായ മെഹ്ദി നിമിഷ പ്രിയയെ വിവാഹം കഴിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതായും ക്ലിനിക്കിലെ വരുമാനം മുഴുവൻ സ്വന്തമാക്കിയതായും ആരോപിക്കപ്പെടുന്നു. നിമിഷ പ്രിയയുടെ പാസ്‌പോർട്ട് കൈക്കലാക്കിയ മെഹ്ദി, സ്വർണം വിറ്റ് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. ഇതിനെതിരെ നിമിഷ പ്രിയ അധികാരികൾക്ക് പരാതി നൽകി. തന്റെ ജീവൻ അപായപ്പെടുമെന്ന ഘട്ടത്തിലാണ് മെഹ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. മെഹ്ദിയുടെ പക്കലുള്ള പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു നിമിഷ പ്രിയയുടെ മുന്നിലുണ്ടായിരുന്ന മാർഗം.

യെമൻ അധികൃതരുടെ അഭിപ്രായത്തിൽ, മെഹ്ദിയിൽ നിന്ന് പാസ്‌പോർട്ട് വീണ്ടെടുക്കാൻ നിമിഷ ശ്രമിച്ചത് മയക്കുമരുന്ന് കുത്തിവെച്ച് മാരകമായ അമിത അളവിലേക്ക് നയിച്ചു. 2017 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മെഹ്ദിയെ കെറ്റാമിൻ എന്ന ജനറൽ അനസ്‌തെറ്റിക് മരുന്ന് കുത്തിവെച്ച് നിമിഷ പ്രിയ ബോധം കെടുത്തി. കെറ്റാമിൻ ഓവർഡോസാണ് മെഹ്ദിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മെഹ്ദിയെ കൊല്ലുക എന്നത് തന്റെ ഉദ്ദേശ്യമായിരുന്നില്ല എന്നാണ് നിമിഷ പ്രിയ പറയുന്നത്. ഓവർഡോസിൽ മെഹ്ദി കൊല്ലപ്പെട്ടതിനെ തുടർന്ന് നിമിഷ, സഹപ്രവർത്തകയായ ഹനാൻ എന്ന യെമനി യുവതിയുടെ സഹായം തേടുകയും മെഹ്ദിയുടെ മൃതദേഹം വെട്ടിനുറുക്കി ഒരു വാട്ടർ ടാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു എന്നാണ് അന്വേഷകർ ആരോപിച്ചത്.

പാസ്‌പോർട്ട് കണ്ടെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 2017-ൽ സൗദി അറേബ്യൻ അതിർത്തിയിൽ വെച്ച് നിമിഷ പ്രിയ പിടിയിലായി. പിന്നീട്, മെഹ്ദിയുടെ മൃതദേഹം ഇരുവരും താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കുത്തിവെക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നും മെഹ്ദി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നുമാണ് നിമിഷ പ്രിയയുടെ മൊഴി.

നിയമപോരാട്ടങ്ങൾ

2018-ൽ യെമൻ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു. കൊലപാതകത്തിന് കൂട്ടുനിന്ന യെമനി പൗരയ്ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. നിമിഷ പ്രിയയെ യെമനിലെ അൽ ബായ്ദ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2018-ലെ വിധിക്കെതിരെ നിമിഷ പ്രിയ യെമനിലെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും 2020-ൽ ഈ കോടതിയും വധശിക്ഷ ശരിവെച്ചു.

ഈ പ്രശ്‌നത്തിൽ 2018-ൽ തന്നെ കേന്ദ്ര സർക്കാർ ഇടപെട്ടു. ഇന്ത്യൻ എംബസി വക്കീലിനെ ഏർപ്പാടാക്കി നൽകി. 2020-ലെ അപ്പീൽ വിധിക്കു ശേഷം സംസ്ഥാന-കേന്ദ്ര സർക്കാരുകളിലൂടെ നിമിഷ പ്രിയയുടെ അമ്മ യെമൻ സർക്കാരിന് നിവേദനം നൽകിയെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. തുടർന്ന് നിമിഷ പ്രിയ യെമനിലെ സുപ്രീംകോടതിയെ സമീപിച്ചു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി, മകളുടെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ യെമനിൽ അടക്കം പോയി പരിഹാരം തേടാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. യെമനിലെ സുപ്രീംകോടതിയിൽ നിന്ന് നിമിഷ പ്രിയയ്ക്ക് എതിരായ വിധി വന്നത് നാട്ടിൽ അറിഞ്ഞിരുന്നില്ല. ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പ്രേമകുമാരി പരിഹാരം തേടിയപ്പോഴാണ് യെമൻ സുപ്രീംകോടതി ദയാഹർജി തള്ളിയ വിവരം അവരറിയുന്നത്.

അടുത്തതായി യെമൻ രാഷ്ട്രപതിക്ക് ദയാഹർജി നൽകുക മാത്രമായിരുന്നു പോംവഴി. എന്നാൽ, ഈ ഹർജിയും തള്ളിപ്പോയി. പിന്നീട്, മെഹ്ദിയുടെ കുടുംബത്തെ കണ്ട് ദയ യാചിക്കാൻ അമ്മ പ്രേമകുമാരി 2024 ഏപ്രിലിൽ യെമനിൽ എത്തി. തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് നിമിഷ പ്രിയ കഴിയുന്നത്. മെഹ്ദി ഉൾപ്പെടുന്ന ഗോത്രവിഭാഗത്തിന്റെ അനുമതിയാണ് ആവശ്യമായിരുന്നത്. ജയിലിൽ ചെന്ന് നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് കഴിഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായുള്ള ചർച്ചയ്ക്ക് മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോമിനെയാണ് നിമിഷപ്രിയയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയുമായി നയതന്ത്ര ബന്ധങ്ങളൊന്നും ഇല്ലാത്തത് യെമനിലെ ചർച്ചകൾ വഴിമുട്ടിയിരുന്നു. ഇതിനിടെ നിമിഷയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്ന തീരുമാനവും എത്തി. ഇങ്ങനെ എല്ലാ പ്രതീക്ഷയും അവസാനിച്ച് എന്ന് കരുതിയിടത്താണ്   കാന്തപുരം എ.പി. അബൂബക്കർ മുസളിയാർ  ഇടപെടൽ ഉണ്ടായത്. അറബ് രാഷ്ട്രങ്ങളിൽ വിശാലമായ ബന്ധമുള്ള കാന്തപുരം പ്രമുഖ ഇസ്ലാമിക പണ്ഡിതനും യെമെന്റെ ആഗോള മുഖവുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ വഴിയാണ് ഇടപെടലിന് ശ്രമിച്ചത്. കാന്തപുരവുമായി പതിറ്റാണ്ടുകൾ നീണ്ട സൗഹൃദവും കൂടിയുള്ള ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹഫീൾ ഇടപെട്ടതോടെ ചർച്ചകൾക്ക് വേഗം കൂടി. ആദ്യമായി തലാലിന്റെ കുടുംബം ചർച്ചക്ക് തയാറായതും ഷെയ്ഖ് ഹബീബിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ്. ഇതിനിടെയാണ് വധശിക്ഷ നീട്ടിവയ്ക്കാനുള്ള തീരുമാനം വന്നത്.

അതേസമയം,  നിമിഷ പ്രിയയുടെ മോചനത്തിനായി യെമനിയൻ ഭരണ നേതൃത്വവുമായും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച തുടരുകയാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസളിയാർ നേരത്തെ പ്രതികരിച്ചിരുന്നു. ദയാധനം സ്വീകരിക്കാൻ കുടുംബം സന്നദ്ധമായാൽ മാത്രമേ മോചന നീക്കം വിജയിക്കുകയുള്ളൂ എന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കിയിരുന്നു.

Nimishapriya’s execution suspended, but concerns remain; Efforts continue for her release from prison, India says lawyer has been appointed

Share Email
LATEST
Top