ടോൾബൂത്തുകളിൽ തടസമായി നിൽക്കുന്ന ക്യൂകൾ ഇനി ചരിത്രമാകുന്നു. ടോൾ പിരിവ് രാജ്യത്തെ മികച്ച സാങ്കേതിക പുരോഗതിക്ക് തുടക്കം കുറിച്ച് ഗുജറാത്തിലെ ചോർയസി ടോൾപ്ലാസയിൽ ബാരിയർലെസ് മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ (MLFF) സംവിധാനം ആരംഭിച്ചു. ദേശീയപാത അതോറിറ്റിയും കേന്ദ്ര റോഡ്-മോട്ടോർ ഗതാഗത മന്ത്രാലയവും ചേർന്നാണ് ഈ പുതിയ സംവിധാനത്തിന് തുടക്കം കുറിച്ചത്.
തടസ്സരഹിത യാത്രകൾക്ക് തുടക്കം
ഇനി ആരും വാഹനങ്ങൾ നിർത്തേണ്ടതില്ല, ടോൾ ഗേറ്ററുകൾ ഇല്ലാത്തത്കൊണ്ട്തന്നെ ലൈനിൽ കാത്തിരിക്കേണ്ടതുമില്ല. ഹൈവേകളിലുടനീളം പോകുന്ന വാഹനങ്ങൾ പ്രത്യേകം തടയാതെ ടോൾ പിരിവ് യാന്ത്രികമായി ഈടാക്കപ്പെടും. ബറൂച്ച്-സൂറത്ത് ദേശീയപാതയിലൂടെയാണ് 246 കിലോമീറ്റർ ദൂരത്തിൽ ആണ് ഈ സംവിധാനത്തിന്റെ ആദ്യഘട്ടം നിലവിൽ വന്നത്.
ആധുനിക സാങ്കേതികതയുടെ സഹായം
നമ്പർപ്ലേറ്റുകൾ തിരിച്ചറിയാൻ എ.ഐ കാമറകളും, വാഹനം ചലിക്കുന്നതിനിടയിലും ടോൾ വിവരങ്ങൾ ശേഖരിക്കാൻ ആർ.എഫ്.ഐ.ഡി സ്കാനറുകളും ഉപയോഗിക്കുന്നതാണ് ഈ സംവിധാനം. ഈ മോഡൽ, മെട്രോ റെയിൽ ടിക്കറ്റിംഗ് സംവിധാനത്തിന്റെ മാതൃക പിന്തുടരുന്നതാണ്.
ചോർയസിക്ക് പുറമേ, ഘരവുണ്ട, നെംലി, ദ്വാരക എക്‌സ്പ്രസ്‌വേ, ഗുരുഗ്രാം-ജയ്പൂർ ഹൈവേ തുടങ്ങിയ പല പ്രധാന റോഡ് സ്ട്രെച്ചുകളിലും ഈ പദ്ധതി അടുത്തിടെ നടപ്പാക്കാനാണ് നീക്കം. പരീക്ഷണതലത്തിൽ ഈ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയും, പൊതുജനസ്വീകാര്യതയും വിലയിരുത്തിയ ശേഷമാകും ദേശീയതലത്തിൽ ഇത് വ്യാപിപ്പിക്കുക.
സമയം ലാഭം, ചെലവ് കുറവ്
ഹൈവേകളിൽ നീണ്ട ക്യൂകൾ ഒഴിവാക്കാൻ മാത്രമല്ല, ചരക്കു ഗതാഗത സമയവും യാത്രാസമയവും ഗണ്യമായി കുറയ്ക്കാനുമാണ് ഈ പദ്ധതി. കൂടാതെ യാത്ര ചെയ്യുന്ന ദൂരത്തിന് അനുപാതത്തിൽ മാത്രമേ പണം ഈടാക്കുകയുള്ളൂ എന്നത് യാത്രികർക്കുള്ള സാമ്പത്തിക ആശ്വാസമായി മാറുന്നു.
ആധുനിക ഇന്ത്യയ്ക്ക് പുതിയ വഴികൾ
ലോകത്തിൻറെ ഉയർന്ന നിലവാരമുള്ള റോഡ് സൗകര്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ ഈ MLFF സംവിധാനം ഒരു വലിയ ചുവടുവയ്പാണ്. ഗതാഗതത്തിൽ പരിഷ്‌കരണം കൊണ്ടുവരുന്ന ഈ പരിഷ്‌കരണം ദേശീയ പാതകളുടെ ഭാവിയെ നിർണ്ണയിക്കും.
No more long queues at toll gates; seamless highway travel begins