തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് സെനറ്റ് ഹാളിൽ നടത്താനിരുന്ന ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കി അനാദരവ് കാണിച്ചതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട രജിസ്ട്രാർ ഡോ:കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടഞ്ഞ് വയ്ക്കാൻ വിസി മോഹനൻ കുന്നുമ്മൽ നിർദ്ദേശം നൽകി. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വി സി യൂണിവേഴ്സിറ്റി നിയമത്തിലെ വിസിയുടെ പ്രത്യേക അധികാരവും ഉപയോഗിച്ച് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
എന്നാൽ ജൂലൈ ആറാം തീയതി വിസിയുടെ അസാന്നിധ്യത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും തുടർന്ന് രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവും ഇറക്കിയിരുന്നു. എന്നാൽ വിസി, പ്ലാനിങ് ഡയറക്ടർ ഡോ: മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയെങ്കിലും അനിൽകുമാർ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം ഓഫീസിൽ ഹാജരാകുന്നുണ്ട്. ഇതിനെ തുടർന്നാണ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കുവാനും നിയമപ്രകാരമുള്ള ഉപജീവനബത്ത അനുവദിക്കാനും വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്.