സോൾ: മുൻപ് നടന്ന ഉച്ചകോടി ചർച്ചകൾക്ക് ശേഷം യാഥാർത്ഥ്യം മാറിയെന്നും, ഭാവിയിലെ ഒരു സംഭാഷണത്തിനും തങ്ങളുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഉത്തര കൊറിയ യുഎസിനോട് വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്, കിമ്മിനും മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇടയിലുള്ള വ്യക്തിപരമായ ബന്ധം മോശമല്ല എന്ന് സമ്മതിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.
എന്നാൽ, വ്യക്തിപരമായ ബന്ധം ഉത്തര കൊറിയയുടെ ആണവായുധ പദ്ധതി അവസാനിപ്പിക്കാനുള്ള ഒരു മാർഗമായി വാഷിംഗ്ടൺ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ ശ്രമം പരിഹാസ്യമാകുമെന്നും കിം യോ ജോങ് പറഞ്ഞു. യുഎസ് മാറിയ യാഥാർത്ഥ്യം അംഗീകരിക്കാതെയും പരാജയപ്പെട്ട പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ, ഡിപിആർകെ-യുഎസ് കൂടിക്കാഴ്ച യുഎസ് പക്ഷത്തിന്റെ ഒരു പ്രതീക്ഷയായി മാത്രം അവശേഷിക്കുമെന്ന് അവർ പറഞ്ഞു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് കിമ്മും ട്രംപും മൂന്ന് തവണ ചർച്ചകൾ നടത്തിയതിന് ശേഷം ഉത്തര കൊറിയയുടെ ആണവായുധ ശേഷിയും ഭൗമരാഷ്ട്രീയ സാഹചര്യവും സമൂലമായി മാറിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.