ചരിത്രമെഴുതി എൻവിഡിയ: 4 ലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി

ചരിത്രമെഴുതി എൻവിഡിയ: 4 ലക്ഷം കോടി ഡോളർ മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനി

ന്യൂയോർക്ക്: 4 ലക്ഷം കോടി ഡോളർ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവിയോടെ അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയ (NVIDIA) ചരിത്രം സൃഷ്ടിച്ചു. കമ്പനിയുടെ ഓഹരി വില അമേരിക്കൻ എക്സ്ചേഞ്ചുകളിൽ റെക്കോഡ് ഉയരമായ 164 ഡോളറിലെത്തിയതോടെയാണ് ഈ ചരിത്രനേട്ടം. ജനറേറ്റീവ് നിർമിത ബുദ്ധി (എ.ഐ.) രംഗത്തുണ്ടാകുന്ന കുതിപ്പാണ് എൻവിഡിയയുടെ ഓഹരി വില ഉയർത്തുന്നത്.

ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ചൈനയിലേക്കുള്ള ചിപ്പ് വിൽപ്പനയ്ക്ക് യു.എസ്. സർക്കാർ വിലക്കേർപ്പെടുത്തിയതും മറികടന്നാണ് കമ്പനി ഈ നേട്ടമുണ്ടാക്കുന്നത്. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും പിന്തള്ളിയാണ് എൻവിഡിയയുടെ കുതിപ്പ്. 1993-ൽ സ്ഥാപിതമായ എൻവിഡിയയുടെ തലവര മാറ്റിയെഴുതിയത് നിർമിത ബുദ്ധിയിലെ താരമായ ചാറ്റ്ജി.പി.ടി.യുടെ (ChatGPT) വരവാണ്. ലാർജ് ലാംഗ്വേജ് മോഡലുകൾക്ക് (എൽ.എൽ.എം.) കരുത്ത് പകരുന്ന ഗ്രാഫിക് പ്രോസസിങ് യൂണിറ്റുകൾ (ജി.പി.യു.) നിർമിക്കുന്നതിൽ എൻവിഡിയക്ക് വിപണിയിൽ മേധാവിത്വമുണ്ട്.

ഇന്ത്യയുടെ ജി.ഡി.പി.യെ (4.2 ലക്ഷം കോടി ഡോളർ) എൻവിഡിയ മറികടന്നേക്കും.

നൂറ് കോടിയിൽനിന്ന് 4 ലക്ഷം കോടി ഡോളറിലേക്ക്. ഇരുപത്തിയാറ് വർഷത്തിനിടെയാണ് എൻവിഡിയയുടെ വിപണി മൂല്യം നൂറ് കോടി ഡോളറിൽനിന്ന് 4 ലക്ഷം കോടി ഡോളറിലായത്. എൻവിഡിയ പ്രാരംഭ ഓഹരി വിൽപ്പന (ഐ.പി.ഒ.) 1999-ൽ നടത്തുമ്പോൾ ഓഹരി വില 16 ഡോളറും വിപണി മൂല്യം നൂറ് കോടി ഡോളറുമായിരുന്നു. അന്ന് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 348 കോടി ഡോളറായിരുന്നു.

ജെൻസെൻ ഹുവാംഗ്, ക്രിസ് മാലാചോവ്‌സ്കി, കുർട്ടിസ് പ്രീം എന്നിവർ ചേർന്ന് 1993-ൽ ഗ്രാഫിക് പ്രോസസറുകൾ, കംപ്യൂട്ടർ ചിപ്പുകൾ തുടങ്ങിയവ നിർമിക്കുന്ന എൻവിഡിയ കാലിഫോർണിയയിൽ ആരംഭിച്ചു. ഏറ്റവും വലിയ ഓഹരി ഉടമയായ ജെൻസെൻ ഹുവാംഗ് നിലവിൽ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായി പ്രവർത്തിക്കുന്നു.

Nvidia makes history: world’s first company valued at $4 trillion

Share Email
LATEST
Top