ട്രംപിന്‍റെ ഗുരുതര ആരോപണം ‘വിചിത്രം, അസംബന്ധം’, മൗനം വെടിഞ്ഞ് ഒബാമ; 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്‍റനെ ജയിപ്പിക്കാൻ റഷ്യയുമായി ഒത്തുകളിച്ചെന്ന ആരോപണം തള്ളി

ട്രംപിന്‍റെ ഗുരുതര ആരോപണം ‘വിചിത്രം, അസംബന്ധം’, മൗനം വെടിഞ്ഞ് ഒബാമ; 2016 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഹിലാരി ക്ലിന്‍റനെ ജയിപ്പിക്കാൻ റഷ്യയുമായി ഒത്തുകളിച്ചെന്ന ആരോപണം തള്ളി
Share Email

വാഷിംഗ്ടൺ: 2016 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്‍റനെ ജയിപ്പിക്കാനായി റഷ്യയുമായി ഒത്തുകളിച്ചെന്ന പ്രസി‍ഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആരോപണം തള്ളി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. റഷ്യയുടെ പിന്തുണയോടെ 2016 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ട്രംപിന്‍റെ വാദം ഒബാമയുടെ ഓഫിസ് നിഷേധിച്ചു. ഇത്തരം ആരോപണങ്ങളെ “വിചിത്രവും” ശ്രദ്ധ തിരിക്കാനുള്ള “നിസ്സാര ശ്രമവും” എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. ഈ അസംബന്ധ ആരോപണങ്ങൾ പരിഹാസ്യവും ശ്രദ്ധ തിരിക്കാനുള്ള ദുർബലമായ ശ്രമവുമാണെന്നാണ് ഒബാമയുടെ വക്താവ് പാട്രിക് റോഡൻബുഷ് പറഞ്ഞതത്.

2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണം വ്യാജമാണ്. ഒരു വോട്ടിൽപ്പോലും കൃത്രിമം നടന്നിട്ടില്ല. ഹിലാരി ക്ലിന്‍റണെ വിജയിപ്പിക്കാനായി ഒരു തരത്തിലുള്ള ഇടപെടലും നടന്നിട്ടില്ലെന്നും ഒബാമയുടെ ഓഫീസ് വിവരിച്ചു. 2020-ൽ മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള ദ്വികക്ഷി സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് ഈ കണ്ടെത്തലുകൾ ശരിവെക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ഒബാമ തട്ടിപ്പ് നടത്തിയെന്നും അതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ “രാജ്യദ്രോഹ ഗൂഢാലോചനയിൽ” ഏർപ്പെട്ടുവെന്നും ആരോപിച്ചിരുന്നു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് തെളിവുകൾ കൈമാറിയതായും ഗബ്ബാർഡ് അവകാശപ്പെട്ടിരുന്നു. 2016 ൽ ഒബാമ ഭരണകൂടത്തിലെ ശക്തരായ വ്യക്തികൾ ഇന്റലിജൻസിനെ രാഷ്ട്രീയവൽക്കരിച്ച് ആയുധമാക്കുകയും അമേരിക്കൻ ജനതയുടെ തീരുമാനത്തെ അട്ടിമറിക്കാനും ജനാധിപത്യ റിപ്പബ്ലിക്കിനെ തകർക്കാനും ശ്രമിച്ചെന്നാണ് ആരോപണം. ട്രംപിനെതിരെ വർഷങ്ങളോളം നീണ്ട അട്ടിമറിക്ക് അടിത്തറ പാകിയതെങ്ങനെയെന്നും അമേരിക്കക്കാർ ഒടുവിൽ സത്യം മനസ്സിലാക്കുമെന്നും ഗബ്ബാർഡ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ എഫ്.ബി.ഐ. ഡയറക്ടർ ജെയിംസ് കോമി, മുൻ ഡി.എൻ.ഐ. ഡയറക്ടർ ജെയിംസ് ക്ലാപ്പർ, മുൻ സി.ഐ.എ. ഡയറക്ടർ ജോൺ ബ്രെനൻ എന്നിവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്ന് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സംഘത്തിന്റെ നേതാവ് ഒബാമയാണെന്നും അദ്ദേഹം കുറ്റക്കാരനാണെന്നും ട്രംപ് ആരോപിച്ചത്.

അതേസമയം 2016 ലെ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്‍റണെ പരാജയപ്പെടുത്താനായി റഷ്യൻ ഇടപെടൽ ഉണ്ടായിരുന്നുവെന്നാണ് ഒബാമയടക്കമുള്ളവർ ആരോപിക്കുന്നത്. ഹിലരി ക്ലിന്റന്റെ പ്രചാരണത്തെ തകർക്കാനും ട്രംപിന് നേട്ടമുണ്ടാക്കാനും റഷ്യ വ്യാപകമായ ശ്രമങ്ങൾ നടത്തിയതായി യു എസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നതായി ഒബാമയുടെ ഓഫീസ് ചൂണ്ടികാട്ടി. എന്നാൽ, ഈ ആരോപണങ്ങൾ ട്രംപ് നിഷേധിക്കുകയും അന്വേഷണം അടിസ്ഥാനരഹിതമായ തട്ടിപ്പാണെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

Share Email
Top