കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് ഈ മാസം 30 ന് ഒരാണ്ട് തികയും. ഇതിനിടെ ദുരന്ത ബാധിതരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 772.11 കോടി രൂപ. ദുരന്തമുണ്ടായ 2024 ജൂലൈ 30 മുതലുള്ള കണക്കാണിത്.
ഇതില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ 91.74 കോടി രൂപയാണ് ചെലവഴിച്ചത്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവൃത്തി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 49.5 ഹെക്ടറില്‍ പുരോഗമിക്കുകയാണ്.
ഇതിന്റെ പ്രാരംഭപ്രവൃത്തികള്‍ക്ക് കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 40.04 ലക്ഷവും സ്‌പെഷല്‍ ഓഫീസര്‍ക്ക് 20 കോടിയും കൈമാറി. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്കായി 15 ലക്ഷം രൂപ വീതം നല്‍കിയ വകയില്‍ ആകെ 13.91 കോടി രൂപയും ചെലവിട്ടു.
പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുമായി ആകെ 455.54 കോടി രൂപയാണ് കിട്ടിയത്. ബാക്കിയുള്ള 316.57 കോടി രൂപ ടി.പി.എ അക്കൗണ്ടിലേക്ക് നേരിട്ട് വന്നതാണ് .ഉരുള്‍ദുരന്തം മൂലം വിവിധ മേഖലകളിലായി 1,200 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്.
One year since the Mundakai Chooralmala landslide on the 30th of this month: Rs. 772.11 crore received for the relief fund, Rs. 91.74 crore spent