രാജ്യത്തിനും ഐഎസ്ആര്‍ഒയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി: ശുഭാശു ശുക്ലയുടെ മടങ്ങിവരവിന് മണിക്കൂറുകൾ മാത്രം

രാജ്യത്തിനും ഐഎസ്ആര്‍ഒയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി: ശുഭാശു ശുക്ലയുടെ മടങ്ങിവരവിന് മണിക്കൂറുകൾ മാത്രം

ന്യൂയോർക്ക്: ആക്‌സിയം മിഷന്‍-4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള യാത്രികര്‍ തിങ്കളാഴ്ച ഭൂമിയിലേക്ക് മടങ്ങും. ഇതിന് മുന്നോടിയായി നടന്ന യാത്രയയപ്പ് ചടങ്ങില്‍ രാജ്യത്തിനും ഐഎസ്ആര്‍ഒയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും ശുഭാംശു നന്ദി പറഞ്ഞു.

യാത്ര അവിശ്വസനീയമായിരുന്നുവെന്നും ദൗത്യത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുമാണ് അതിന് ക്രെഡിറ്റ് നല്‍കുന്നതെന്നും ശുഭാംശു ശുക്ല പറഞ്ഞു. സമയം കിട്ടിയപ്പോഴെല്ലാം ബഹിരാകാശത്ത് നിന്ന് ഭൂമിയെ നിരീക്ഷിക്കാറുണ്ടായിരുന്നെന്നും അത് തനിക്ക് ഒരു മാന്ത്രികാനുഭവമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

41 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഇന്ത്യക്കാരന്‍(രാകേഷ് ശര്‍മ) ബഹിരാകാശത്ത് പോയി മുകളില്‍ നിന്ന് നമ്മുടെ രാജ്യം എങ്ങനെ കാണപ്പെടുന്നുവെന്ന് നമുക്ക് പറഞ്ഞുതന്നു. ഇന്ന് ഇന്ത്യ എങ്ങനെ കാണപ്പെടുന്നുവെന്ന് ആളുകള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടെന്നും ശുഭാംശു ശുക്ല പറഞ്ഞു.

‘ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്നത്തെ ഇന്ത്യ സ്വപ്നങ്ങള്‍ നിറഞ്ഞതായി കാണപ്പെടുന്നു. ഇന്ത്യയെ നിര്‍ഭയമായും ആത്മവിശ്വാസത്തോടെയും കാണപ്പെടുന്നു. ഇന്ത്യ ഇപ്പോഴും ലോകത്തിലേറ്റവും മികച്ചതാണ്. ഉടന്‍ ഭൂമിയില്‍ വെച്ച് കാണാം.’ അദ്ദേഹം പറഞ്ഞു.

‘ഈ ദൗത്യത്തെയും എന്നെയും പൂര്‍ണ മനസ്സോടെ പിന്തുണച്ച എന്റെ രാജ്യത്തിനും എല്ലാ പൗരന്മാര്‍ക്കും നന്ദി പറയാനായി ഈ അവസരം ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് സാധ്യമാക്കിയ ഐഎസ്ആര്‍ഒയ്ക്കും, എല്ലാ പ്രോട്ടോക്കോളുകളും ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങളും വികസിപ്പിക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു,’ അദ്ദേഹം പറഞ്ഞു.

‘,ഞങ്ങള്‍ക്ക് മതിയായ പരിശീലനം ലഭിച്ചു എന്ന് ഉറപ്പാക്കിയതിനും മുഴുവന്‍ സമയവും പിന്തുണ നല്‍കിയതിനും നാസയ്ക്കും അതിന്റെ അന്താരാഷ്ട്ര പങ്കാളികളായ ആക്സിയോം സ്പേസ്, സ്പേസ് എക്സ് എന്നിവര്‍ക്കും നന്ദി. ഇവിടെനിന്ന് മടങ്ങുമ്പോള്‍ ഈ ദൗത്യത്തില്‍ നിന്ന് എനിക്ക് ഒരുപാട് ഓര്‍മകളും പാഠങ്ങളും ലഭിച്ചിട്ടുണ്ട്. അത് ഞാന്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്‌സിയം 4 ദൗത്യ സംഘത്തിന്റെ മടക്കം നാസ തത്സമയം സംപ്രേഷണം ചെയ്യും. സ്‌പേസ് എക്‌സ്, ആക്‌സിയം സ്‌പേസ് എന്നീ സ്ഥാപനങ്ങളുടെ യൂട്യൂബ് ചാനലുകളിലും സ്ട്രീമിങ് ഉണ്ടാവും. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിലാണ് ഇവരുടെ മടക്കം. ഇന്ത്യന്‍ സമയം ജൂലായ് 14 വൈകീട്ട് 4.35 നാണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക. കാലിഫോര്‍ണിയയുടെ തീരത്ത് കടലിലാണ് പേടകം വന്നു പതിക്കുക.

Axiom 4: Only hours left for Shubhashu Shukla’s return

Share Email
Top