കോട്ടയം: ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിന്റെ ആവിഷ്കാരവും മനുഷ്യ വികാരങ്ങൾ മനസിലാകുന്ന രാഷ്ട്രീയക്കാരനുമായിരുന്നെന്ന് രാഹുൽ ഗാന്ധി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
21 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. അനാരോഗ്യം ഉള്ളപ്പോഴും ഭാരത് ജോഡോ യാത്രയിൽ ഉമ്മൻ ചാണ്ടി ഒപ്പം നടന്നു. ഡോക്ടർമാർ പോലും യാത്രയിൽ അണി നിരക്കുന്നതിനെ എതിർത്തിരുന്നു. ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മൻ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയത്. ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൾ ഇനിയും വളർന്നു വരണമെന്നാണ് തന്റെ ആഗ്രഹം. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. ശ്രുതി തരംഗം പോലെ ഉള്ള പദ്ധതി ഉമ്മൻ ചാണ്ടി നടത്തിയത് വോട്ട് കിട്ടാൻ അല്ല. കേരളത്തിൽ ഒരു കുഞ്ഞും കേൾവി ശക്തിയില്ലാതെ ഇരിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്.
ഉമ്മൻ ചാണ്ടി തൻ്റെ ഗുരുവാണ്. ഗുരു എന്നാൽ അധ്യാപകൻ മാത്രം അല്ല. ഗുരു എന്നാൽ വഴികാട്ടിത്തരുന്ന ആൾ കൂടിയാണ്. പല അർത്ഥത്തിൽ എന്റെ ഗുരു ആണ് ഉമ്മൻ ചാണ്ടി. പല കാര്യത്തിലും വഴികാട്ടിയെന്നും രാഹുൽ പറഞ്ഞു. ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണ്. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ക്രിമിനൽ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Oommen Chandy is the embodiment of Kerala politics: Rahul Gandhi