തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് ജനം. ദേശീയ പണിമുടക്ക കേരളത്തില്‍ കേരളത്തില്‍ ബന്ദിന്റെ അവസ്ഥയിലാണ്.. നിരത്തുകളില്‍ ഇറങ്ങിയ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം പുലര്‍ച്ചെ മുതൽ യാ ത്രക്കാര്‍ കാത്തിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷനിലുള്‍പ്പെടെ പുലര്‍ച്ചെ വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്ര നടത്താനാവാതെ പ്രതിസന്ധിയിലായി. എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാര്‍ തടഞ്ഞു.
തൃശൂരിലും കൊച്ചിയിലും സര്‍വീസ് നടത്താന്‍ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാര്‍. സമരം ന്യായമെന്ന വാദവുമായി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്.
കൊല്ലം പത്തനാപുരത്ത് ഔഷധി ഔട്ട്‌ലെറ്റ് അടപ്പിക്കാന്‍ സമരാനുകൂലികള്‍ ശ്രമിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൌണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന്‍ പറയുന്നുതും കേള്‍ക്കാം.
People are affected by the strike: Protest supporters block vehicles on the road