ഹൂസ്റ്റൺ: ആക്‌സിയം 4 ബഹിരാകാശ ദൗത്യം കഴിഞ്ഞെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്യാനെത്തി മലയാളിയും ഗഗന്‍യാന്‍ പദ്ധതിയിലെ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളുമായ പ്രശാന്ത് ബാലകൃഷ്ണന്‍. ആക്‌സിയം 4 ദൗത്യത്തിന്റെ ബാക്ക് അപ്പ് പൈലറ്റായിരുന്നു പ്രശാന്ത്. ഏതെങ്കിലും സാഹചര്യത്തില്‍ ശുംഭാംശു ശുക്ലയ്ക്ക് പിന്‍മാറേണ്ടി വന്നാല്‍ പ്രശാന്ത് ആയിരുന്നു പകരം യാത്ര ചെയ്യേണ്ടത്.
ടെക്‌സാസിലെ ഹൂസ്റ്റണില്‍ ശുഭാംശുവിനെ സ്വീകരിക്കാനെത്തിയ ഐഎസ്ആര്‍ഒ സംഘത്തിനൊപ്പം പ്രശാന്ത് ബാലകൃഷ്ണനും ഉണ്ടായിരുന്നു. ശുഭാംശുവിന്റെ ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നു. ശുഭാംശുവിനെയും മറ്റ് ആക്‌സിയം 4 ആംഗങ്ങളെയും പ്രശാന്ത് ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ലെനയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
പ്രശാന്തും ശുഭാംശുവും ഒരുമിച്ചാണ് ആക്‌സിയം സ്‌പേസില്‍ പരിശീലനത്തിനെത്തിയത്. ജൂണ്‍ 25 ന് ആക്‌സിയം 4 ദൗത്യം വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ പ്രശാന്തും ഉണ്ടായിരുന്നു.
18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ എത്തിയത്. ദൗത്യം വിക്ഷേപിക്കുന്നതിന് മുമ്പ് 2 മാസക്കാലും ശുഭാംശുവും പ്രശാന്ത് ബാലകൃഷ്ണനും ക്വാറന്റീനിലായിരുന്നു. അത്രയും നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശുഭാംശു തന്റെ കുടുംബത്തെ കണ്ടത്.
Prashanth Balakrishnan arrives to welcome Shubhamshu Shukla